ന്യൂഡല്‍ഹി : ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ (ഓഗസ്റ്റ് 5) രാത്രിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ്. രാത്രി 9.30 ഓടെയാണ് അഫ്‌ഗാനിലെ പര്‍വത മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
രാത്രിയില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടതായി നോയിഡയിലെ ഒരു ഉയര്‍ന്ന അപ്പാര്‍ട്‌മെന്‍റില്‍ താമസിക്കുന്ന പ്രീതി ശങ്കര്‍ പ്രതികരിച്ചു. ഡല്‍ഹിയില്‍ ഭൂചലനം ഉണ്ടായെന്നും ഏവരും സുരക്ഷിതരാണെന്ന് കരുതുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു.
'ഡല്‍ഹി നിവാസികളേ, എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. എന്ത് അടിയന്തര സഹായത്തിനും 112 ഡയല്‍ ചെയ്യുക' - ഡല്‍ഹി പൊലീസ് ട്വീറ്റ് ചെയ്‌തു.
ഇക്കഴിഞ്ഞ ജൂലൈയില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ മൂന്ന് ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ നാശനഷ്‌ടങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്‌തിരുന്നില്ല.
ജൂണില്‍ ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ലഡാക്കിലും കത്രയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ലഡാക്കിലെ ലേ ജില്ലയിൽ നിന്ന് 295 കിലോമീറ്റർ വടക്കുകിഴക്കായാണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. പുലർച്ചെ 2.16ന് 10 കിലോമീറ്റർ താഴ്‌ചയിലായിരുന്നു സംഭവം.
ജമ്മു കശ്‌മീരിലെ കത്രയില്‍ ജൂണ്‍ 18ന് പുലർച്ചെ 3.50ഓടെയാണ് ഭൂചലനം ഉണ്ടായത്. രണ്ടിടങ്ങളിലും റിക്‌ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.
ജൂണ്‍ 13ന് ഡല്‍ഹി അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ജൂണ്‍ 13ന് ഉച്ചയ്‌ക്ക് 1.33നാണ് സംഭവം. റിക്‌ടര്‍ സ്‌കെയിലില്‍ 5.4 തീവ്രതയാണ് അടയാളപ്പെടുത്തിയത്.
ജമ്മു കശ്‌മീരാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഡോഡ ജില്ലയിലെ ഗണ്ഡോ ഭാലേസ എന്ന വിദൂര ഗ്രാമമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാഷണൽ സെന്‍റര്‍ ഫോർ സീസ്മോളജി (എന്‍സിഎസ്) ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
'ഭൂകമ്പം: 5.4, 13-06-2023, 13:33:42 ഐഎസ്‌ടി (India Standard Time), ലാറ്റ്: 33.15 & ദൈർഘ്യം: 75.82, ആഴം: ആറ് കി.മീ, സ്ഥലം: ഡോഡ, ജമ്മു കശ്‌മീർ, ഇന്ത്യ' - എന്‍സിഎസ് ട്വീറ്റ് ചെയ്‌തു. ഭൂചലനത്തിൽ കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടമോ ആളപായമോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
മെയ് 11ന് ഉത്തരാഖണ്ഡിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇടയ്‌ക്കിടെ ഉണ്ടാവാറുള്ള പിത്തോരഗഡിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. റിക്‌ടര്‍ സ്കെയിലിൽ 3.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. നാഷണൽ സെന്‍റര്‍ ഫോർ സീസ്‌മോളജി പുറത്തുവിട്ട റിപ്പോർട്ടിൽ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം പിത്തോരഗഡിന് 32 കിലോമീറ്റർ വടക്കാണ് രേഖപ്പെടുത്തിയത്.
'ഭൂചലനം: 3.8, 22-01-2023, 08:58:31 ഐഎസ്‌ടി, ദൈർഘ്യം: 80.13, ആഴം: 10 കി.മീ, സ്ഥാനം: ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ നിന്ന് 23 കിലോമീറ്റർ അകലെ' -എന്‍സിഎസ് ട്വീറ്റില്‍ പറഞ്ഞു.