ന്യൂഡൽഹി : ഡൽഹി യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്‍റ്‌സ് യൂണിയന്‍റെ സെൻട്രൽ പാനൽ തെരഞ്ഞെടുപ്പിൽ (Delhi University Students Union Central Panel Polls) നാലിൽ മൂന്ന് സീറ്റിലും എബിവിപി വിജയിച്ചു. കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ്‌യുഐയുവിന് (National Students' Union of India) ഒരു സീറ്റ് മാത്രമാണ് നേടാനായത്. നാല് സെൻട്രൽ പാനൽ പോസ്‌റ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഎസ്‌യുഐയുവിന്‍റെ ഹിതേഷ് ഗുലിയയെ പരാജയപ്പെടുത്തി അഖില ഭാരതീയ വിദ്യാർഥി പരിഷത്ത് സ്ഥാനാർഥിയായ (Akhil Bharatiya Vidyarthi Parishad) തുഷാർ ദേധ ഡൽഹി യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്‍റ്‌സ് യൂണിയൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസ് വിദ്യാർഥി സംഘടനയിൽ നിന്നുള്ള അഭി ദഹിയയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്. എബിവിപിയുടെ (ABVP) അപരാജിത, സച്ചിൻ ബെയ്‌സ്‌ല എന്നിവർ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് വിജയിച്ചു. വെള്ളിയാഴ്‌ച നടന്ന സർവകലാശാല തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലാണ് ഇന്ന് പൂർത്തിയായത്.
പോരാട്ടത്തിനിറങ്ങിയത് 24 വിദ്യാർഥികൾ : എബിവിപിയും എൻഎസ്‌യുഐയുവും (NSUI) തമ്മിലുള്ള പോരാട്ടമാണ് ഡൽഹി സർവകലാശാല കണ്ടത്. നാല് സ്ഥാനങ്ങളിലേക്കായി 24 വിദ്യാർഥികളാണ് മത്സരിച്ചത്. 42 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹത നേടിയത്.
2019ലെ തെരഞ്ഞെടുപ്പിലും എബിവിപി നാലിൽ മൂന്ന് സീറ്റുകൾ നേടിയിരുന്നു. ഡൽഹി സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് അവസാനമായി നടന്നത് 2019ലായിരുന്നു. പിന്നീട് രണ്ട് വർഷക്കാലം കൊവിഡ് മൂലവും 2022ൽ അക്കാദമിക് കലണ്ടറിലെ തടസങ്ങൾ മൂലവും തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാതെ വന്നു.
Also Read : Delhi Crime | വാക്കുതർക്കം; ഡൽഹി സര്‍വകലാശാല വിദ്യാർഥിയെ കോളജ് കാമ്പസിന് പുറത്ത് വച്ച് കുത്തിക്കൊന്നു
2019 ൽ 39.90 ശതമാനമായിരുന്നു പോളിങ്. അതിനെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം വർധിച്ചിട്ടുണ്ട്. അതേസമയം, 2018 ലും 2017 ലും യഥാക്രമം 44.46 ശതമാനവും 42.8 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 52 കോളജുകളിലെ വിദ്യാർഥി യൂണിയനുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പേപ്പർ ബാലറ്റിലും സർവകലാശാല പാനൽ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലൂടെയുമാണ് നടത്തിയത്.
തെരഞ്ഞെടുപ്പിൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഫീസ് വർധന, താമസ സൗകര്യത്തിന്‍റെ അഭാവം, കോളജ് ഫെസ്റ്റുകളുടെ സുരക്ഷ, ആർത്തവ അവധികൾ എന്നിവ പ്രധാന വിഷയങ്ങളായിരുന്നു. എബിവിപി, എൻഎസ്‌യുഐ, എസ്എഫ്ഐ, എഐഎസ്എ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന പ്രധാന യൂണിയനുകൾ.