പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ എറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ അപ്ഡേറ്റ് എത്തി. ദുല്‍ഖറിനെ (Dulquer Salmaan) നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലാണ് പുറത്തിറങ്ങിയത്. 'ലക്കി ഭാസ്ക്കര്‍' (Lucky Baskhar) എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ദുല്‍ഖറും വെങ്കി അറ്റ്ലൂരിയുമാണ് ടൈറ്റില്‍ പങ്കുവച്ചിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'ലക്കി ഭാസ്ക്കര്‍' റിലീസിനെത്തുന്നത്. തെലുഗു ചിത്രം 'സീതാരാമ'ത്തിനും ബോളിവുഡ് ചിത്രം 'ചുപ്പി'നും ശേഷമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ലക്കി ഭാസ്ക്കര്‍'.
സിത്താര എന്റര്ടെയ്ന്മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ജി.വി പ്രകാശ് ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. കേരളത്തില്‍ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സിനിമയുടെ വിതരണം നിര്‍വഹിക്കുക.
- " class="align-text-top noRightClick twitterSection" data="">
അതേസമയം 'കിംഗ് ഓഫ് കൊത്ത'യാണ് ദുല്‍ഖറിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് റിലീസ് ചെയ്യുകയാണ്. 'കലാപക്കാര' എന്ന ഗാനമാണ് പുറത്തിറങ്ങുക. റിലീസിന് മുമ്പായി ഗാനത്തിന്റെ സ്നീക്ക് പീക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ഈ ഗാനത്തില്‍ ഡാന്‍സ് നമ്പറുമായി റിതിക സിംഗും അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു എന്നീ നാല് ഭാഷകളിലായാണ് ഗാനം റിലീസിനെത്തുന്നത്. ഹിന്ദിയില്‍ 'ജല ജല ഹേ' എന്നും, തമിഴില്‍ 'ഗലാട്ടാക്കാരന്' എന്നും, തെലുഗുവില്‍ 'ഹല്ലാ മച്ചാരെ' എന്ന ഗാനവുമാണ് പുറത്തിറങ്ങുക.
'കിംഗ് ഓഫ് കൊത്ത'യുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യേണ്ടി വന്ന വിവരം അടുത്തിടെ ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കിയിരുന്നു. തന്റെ ആദ്യ ബോളിവുഡ് ആല്‍ബം 'ഹീരിയേ'യുടെ റിലീസിനോടനുബന്ധിച്ച് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇതേകുറിച്ച് പറഞ്ഞത്.
'ഞങ്ങള്‍ കിംഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് റീ ഷൂട്ട് ചെയ്തു. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായത് കൊണ്ടല്ല അങ്ങനെ ചെയ്തത്. ആ സിനിമയുടെ ഒഴുക്കിന് തടസം ഉണ്ടാകരുതെന്നേ കരുതിയുള്ളൂ. ഒരു ഫ്ലോയില്‍ സിനിമ കാണുമ്പോള്‍ കുറച്ചുകൂടി വലുപ്പം അതിനാവശ്യമാണെന്ന് തോന്നി.' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്മാന് പറഞ്ഞത്.
'കിംഗ് ഓഫ് കൊത്ത'യില്‍ ഐശ്വര്യ ലക്ഷ്മിയാകും ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തുന്നത്. താര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, ചെമ്പന്‍ വിനോദ്, നൈല ഉഷ, ഗോകുൽ സുരേഷ്, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രനും എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും ചിത്രത്തിലുണ്ട്. കണ്ണൻ എന്ന കഥാപാത്രത്തെയാണ് ഷബീര്‍ അവതരിപ്പിക്കുക. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്നയും എത്തുന്നു.
ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. അഭിലാഷ് ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്.
ദുല്‍ഖറിന്റെ വേഫാറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. പാന്‍ ഇന്ത്യന്‍ ചിത്രമായി ഓഗസ്റ്റ് 24നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നട എന്നീ ഭാഷകളിലും 'കിംഗ് ഓഫ് കൊത്ത' റിലീസിനെത്തും.