കാത്തിരിപ്പിന് വിരാമം! കൊത്തയിലെ രാജാവ് എത്തി. പ്രേക്ഷകര്‍ നാളിതുവരെ അക്ഷമയോടെ കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ (Dulquer Salmaan) 'കിംഗ് ഓഫ് കൊത്ത'യുടെ (King of Kotha) ഗംഭീര ട്രെയിലര്‍ പുറത്ത്. ഇന്ന് രാവിലെ 10 മണിക്കാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്.
- " class="align-text-top noRightClick twitterSection" data="">
ദുല്‍ഖര്‍ സല്‍മാന്‍റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളോടു കൂടിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദുല്‍ഖര്‍ സല്‍മാനും ചെമ്പന്‍ വിനോദുമാണ് ഹൈലൈറ്റാകുന്നത്. രാജു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. രാജുവിന്‍റെ ശത്രുവായാണ് ചെമ്പന്‍ വിനോദിന്‍റെ കഥാപാത്രം എത്തുന്നത്. ഐശ്വര്യ ലക്ഷ്‌മി, ശാന്തി കൃഷ്‌ണ, നൈല ഉഷ, ഷമ്മി തിലകന്‍ തുടങ്ങിയവരും ട്രെയിലറില്‍ മിന്നിമറയുന്നു.
- " class="align-text-top noRightClick twitterSection" data="">
'ഇതാ ഞാന്‍ വന്നു, നിനക്ക് എന്താ ചെയ്യാന്‍ പറ്റുന്നേന്ന് വച്ചാ ചെയ്‌തോ' -എന്ന ദുല്‍ഖര്‍ സല്‍മാന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗും ചെമ്പന്‍ വിനോദിന്‍റെ 'കൊത്തയിലേയ്‌ക്കുള്ള ടെസ്‌റ്റ് ഡോസ്' എന്ന ഡയലോഗും ശ്രദ്ധേയമാവുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ ആണ് ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു അടിക്കുറിപ്പോടു കൂടിയാണ് ദുല്‍ഖര്‍ 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തത്. 'പ്രശ്‌നങ്ങൾ അതിന്‍റെ ഏറ്റവും മോശമായ രൂപത്തിൽ മുന്നോട്ട് വരുമ്പോൾ, രാജാവിന് മാത്രമേ ഭൂമിയെ രക്ഷിക്കാൻ കഴിയൂ.' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
പ്രശസ്‌ത മലയാള ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിന്‍റെ (Director Siddique) വിയോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം (ഓഗസ്‌റ്റ് 9ന്) റിലീസ് ചെയ്യേണ്ടിയിരുന്ന 'കിംഗ് ഓഫ് കൊത്ത'യുടെ ട്രെയിലർ റിലീസ് (King of Kotha trailer release) ഇന്നത്തേയ്‌ക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. സംവിധായകനോടുള്ള ബഹുമാന സൂചകമായി ദുൽഖർ സൽമാൻ തന്‍റെ സിനിമയുടെ ട്രെയിലര്‍ റിലീസ് മാറ്റിവയ്‌ക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് ഓഗസ്‌റ്റ് 8നാണ് സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. ന്യൂമോണിയയ്ക്കും കരൾ രോഗത്തിനും ചികിത്സയിലിരിക്കവെയായിരുന്നു സംവിധായകന് ഹൃദയാഘാതം ഉണ്ടായത്. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്‌ച അദ്ദേഹത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
ദുൽഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് അവരുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ട്രെയിലര്‍ റിലീസ് മാറ്റിവച്ച വിവരം പങ്കുവച്ചത്. 'സംവിധായകൻ സിദ്ദിഖിന്‍റെ നിര്യാണത്തെ തുടർന്ന് കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ ലോഞ്ച് മാറ്റിവച്ചു.' -ഇപ്രകാരമാണ് വേഫെറര്‍ ഫിലിംസ് ട്വീറ്റ് ചെയ്‌തത്.
ഒപ്പം സിദ്ദിഖിന്‍റെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവർക്കും അണിയറപ്രവര്‍ത്തകര്‍ ഹൃദയംഗമമായ അനുശോചനവും അറിയിച്ചു. സംവിധായകന്‍റെ വിയോഗത്തില്‍ ദുൽഖർ സൽമാനും അനുശോചനം രേഖപ്പെടുത്തി.
സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്‌ത 'കിംഗ് ഓഫ് കൊത്ത' ദുൽഖർ സൽമാന്‍റെ സ്വപ്‌ന പദ്ധതിയാണ്. അഭിലാഷിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. ബിഗ് ബജറ്റിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ദുല്‍ഖറിന്‍റെ വേഫേറെര്‍ ഫിലിംസും സീ സ്‌റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഒരു മാസ് എന്‍റര്‍ടെയ്‌നര്‍ ആയിരിക്കും 'കിംഗ് ഓഫ് കൊത്ത' എന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തില്‍ ദുല്‍ഖറുടെ നായികയായി എത്തുന്നത്. ശാന്തി കൃഷ്‌ണ, ചെമ്പന്‍ വിനോദ്, തമിഴ് താരം പ്രസന്ന, ഗോകുൽ സുരേഷ്, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 'സാർപ്പട്ട പരമ്പര'യിലെ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീർ കല്ലറക്കലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഓണം റിലീസായി ഓഗസ്‌റ്റ് 24നാണ് 'കിംഗ് ഓഫ് കൊത്ത' തിയേറ്ററുകളില്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഈ പാന്‍ ഇന്ത്യന്‍ ചിത്രം കേരളത്തില്‍ നൂറില്‍പരം സ്‌ക്രീനുകളിലാണ് റിലീസിനെത്തുന്നത്. പ്രധാനമായും മലയാളത്തില്‍ ഒരുങ്ങിയ ചിത്രം, മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
അഭിലാഷ് എൻ ചന്ദ്രനാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഷാൻ റഹ്മാൻ, ജേക്‌സ് ബിജോയ് എന്നിവർ ചേര്‍ന്നാണ് 'കിംഗ് ഓഫ് കൊത്ത'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
സംഘട്ടനം - രാജശേഖർ, കൊറിയോഗ്രാഫി - ഷെറീഫ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം - പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ - നിമേഷ് താനൂർ, സ്‌റ്റിൽ - ഷുഹൈബ് എസ് ബി കെ, പിആർ പ്രതീഷ് ശേഖർ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.