കാങ്കർ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ മദ്യലഹരിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഗർഭിണിയായ യുവതി പിടിയിൽ. ജില്ലയിലെ റായ് ഗ്രാമത്തിൽ താമസിക്കുന്ന മൻകി പരചാപിയെയാണ് (30) പൊലീസ് അറസ്റ്റ് ചെയ്‌തത്. ജൂലൈ 16നാണ് ഇവർ ഭർത്താവായ സാഗരം പരചാപിയെ (35) കോടാലി കൊണ്ട് തലയ്‌ക്കടിച്ചത്. തുടർന്ന് ഗുരുതരമായ പരിക്കേറ്റ ഇയാളെ പ്രതി ആശുപത്രിയിൽ എത്തിക്കാതെ വീട്ടിൽ വച്ച് തന്നെ ചികിത്സ നൽകുകയായിരുന്നു.
ഇതിനിടെ ജൂലൈ 19ന് സാഗരം പരചാപിയെ മരണപ്പെട്ടു. വെള്ളിയാഴ്‌ച യുവതി ഭർത്താവിന്‍റെ മൃതദേഹം സംസ്‌കരിക്കാൻ തയ്യാറെടുത്തപ്പോഴാണ് നാട്ടുകാർ ഈ വിവരം അറിയുന്നത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരണപ്പെട്ട സാഗരം പരചാപിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
ആക്രമണം മദ്യപാനം ചോദ്യം ചെയ്‌തതോടെ: മൻകി - സാഗരം ദമ്പതികൾക്ക് അഞ്ച് കുട്ടികളാണുള്ളത്. ആറാമത്തെ കുഞ്ഞിനായി മൻകി ഗർഭം ധരിച്ചിരുന്നു. ഇവർ മദ്യപാനത്തിന് അടിമയായിരുന്നു. സംഭവ ദിവസം, ജൂലൈ 16ന് വൈകുന്നേരം അഞ്ച് മണിയോടെ സാഗരം പരചാപി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ മദ്യപിച്ച് ബോധരഹിതയായ നിലയിലായിരുന്നു മൻകി.
തുടർന്ന് മദ്യപാനത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലായി. ഇതിനിടെ രോഷാകുലയായ മൻകി ഭർത്താവിന്‍റെ തലയിൽ കോടാലി കൊണ്ട് അടിക്കുകയായിരുന്നു. മർദനത്തിൽ സാഗരത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവം പുറത്തറിഞ്ഞാൽ പൊലീസ് പിടിക്കുമെന്ന ഭയത്താൽ ഇവർ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയില്ല.
തുടർന്ന് മൻകി പ്രദേശത്തെ പ്രകൃതി ചികിത്സകനായ ബൈഗാ ഗുനിയുമായി ബന്ധപ്പെടുകയും ഇയാൾ പറഞ്ഞു നൽകിയ ചികിത്സ രീതി പിൻതുടരുകയും ചെയ്‌തു. തലയിലെ മുറിവ് ഇവർ തന്നെ തുണി ഉപയോഗിച്ച് കെട്ടി. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ സാഗരം ജൂലൈ 19ന് മരണപ്പെടുകയായിരുന്നു.
ഇതോടെ സാഗരത്തിന്‍റെ മൃതദേഹം വീടിനോട് ചേർന്നുള്ള സ്ഥലത്ത് തന്നെ സംസ്‌കരിക്കാൻ മൻകി ഒരുക്കങ്ങൾ ആരംഭിച്ചു. എന്നാൽ ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുകയും അവർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് എത്തി ചോദ്യം ചെയ്‌തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ചെറിയ വാക്കുതർക്കത്തെ തുടർന്ന് മൻകി കോടാലി കൊണ്ട് സാഗരത്തിന്‍റെ തലയിൽ അടിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി അംബേഡ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര സാഹു പറഞ്ഞു. 'നാട്ടിലെ പ്രകൃതി ചികിത്സകൻ നൽകിയ മരുന്നുകൾ ഉപയോഗിച്ച് പ്രതി തന്നെ ഭർത്താവിനെ നാല് ദിവസം വീട്ടിൽ ചികിത്സിച്ചു. എന്നാൽ ജൂലൈ 19ന് സാഗരം മരിച്ചു. സംഭവത്തിൽ മൻകിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.' സാഹു വ്യക്‌തമാക്കി.
മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി: ഇക്കഴിഞ്ഞ മെയ് 19ന് ഛത്തീസ്‌ഗഡിൽ മാതാപിതാക്കളേയും മുത്തശ്ശിയേയും കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. സിംഗോഡയിലെ പുട്‌ക ഗ്രാമത്തിലെ അധ്യാപക ദമ്പതികളുടെ മകനായ ഉദിത് ആണ് പിടിയിലായത്. പ്രഭാത് ഭോയി, ഭാര്യ ജർണ ഭോയി, മുത്തശ്ശി സുലോചന എന്നിവരാണ് കൊല്ലപ്പെട്ടത്.
ആഡംബര ജീവിതം നയിക്കാൻ പ്രതിയെ വീട്ടുകാർ അനുവദിക്കാത്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ മുൻപ് മോഷണക്കേസും മറ്റ് ക്രിമിനൽ കേസുകളും ഉണ്ടായിരുന്നു. മാത്രമല്ല ഉദിത്തിന്‍റെ മദ്യപാന ശീലത്തിനെ ചൊല്ലി പിതാവ് പ്രഭാത് ഭോയ് പലപ്പോഴും ദേഷ്യപ്പെടുമായിരുന്നു. ഇതും കൊലപാതകത്തിന് കാരണമാകുകയായിരുന്നു.
ALSO READ : മാതാപിതാക്കളെയും മുത്തശ്ശിയേയും കൊലപ്പെടുത്തി; യുവാവ് പിടിയിൽ