ലഖ്‌നൗ (ഉത്തർ പ്രദേശ്): ട്രെയിന്‍ യാത്രക്കാരിയുടെ തലയിൽ മദ്യപിച്ചെത്തിയ ടിടിഇ മൂത്രമൊഴിച്ചതായി പരാതി. കൊൽക്കത്തയിൽ നിന്ന് അമൃത്സറിലേക്ക് പോവുകയായിരുന്ന അകാൽ തക്ത് എക്‌പ്രസിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലാണ് മദ്യ ലഹരിയിൽ ടിടിഇ മൂത്രമൊഴിച്ചത്.
ട്രെയിനിലെ എ-1 കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിനിടെ കോച്ചിലേക്കെത്തിയ മുന്ന കുമാർ എന്ന ടിടിഇ യുവതിയുടെ തലയിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ യുവതിയുടെ ഭർത്താവും ഉറക്കമുണർന്നെത്തിയ കോച്ചിലെ മറ്റ് യാത്രക്കാരും ചേർന്ന് ടിടിഇയെ പിടിച്ചു വയ്‌ക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ ലഖ്‌നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ ഇയാളെ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്. അതേസമയം ടിടിഇയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിലെ മൂത്രമൊഴിക്കൽ വിവാദം: യാത്രക്കാരുടെ മേൽക്ക് സഹയാത്രികർ മൂത്രമൊഴിക്കുന്ന സംഭവം തുടർക്കഥയായി മാറുകയാണ്. വിമാനത്തിൽ സഹയാത്രക്കാരുടെ മേൽക്ക് മൂത്രമൊഴിച്ച മൂന്നിലധികം സംഭവങ്ങളാണ് അടുത്ത കാലങ്ങളിൽ റിപ്പോർട്ട് ചെയ്‌തത്. അമേരിക്കയിലെ ബഹുരാഷ്‌ട്ര കമ്പനിയിലെ ഉദ്യോഗസ്ഥനായ ശങ്കൻ മിശ്ര എന്നയാളാണ് മുത്രമൊഴിക്കൽ വിവാദത്തിൽ ആദ്യം പിടിയിലാകുന്നത്.
കഴിഞ്ഞ വർഷം നവംബർ 26നായിരുന്നു കേസിനാസ്‌പദമായ സംഭവം. എയർ ഇന്ത്യ വിമാനത്തിന്‍റെ ന്യൂയോർക്ക്- ന്യൂഡൽഹി വിമാനത്തിന്‍റെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യവെയാണ് മദ്യലഹരിയിൽ ശങ്കർ മിശ്ര എന്ന യാത്രക്കാരൻ 70കാരിയായ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. എന്നാൽ വിമാനത്തിലെ ഉദ്യോഗസ്ഥർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ വിമാനത്തിൽ തനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടും ജീവനക്കാർ ഇടപെട്ടില്ലെന്ന് കാണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് യാത്രക്കാരി കത്തയച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വയോധികയുടെ പരാതിയെത്തുടർന്ന് ഡൽഹി പൊലീസ് ശങ്കർ മിശ്രക്കെതിരെ കേസെടുത്തു. ഇതിനിടെ ഒളിവിൽ പോയ പ്രതിയെ ബെംഗളൂരുവിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
പിന്നാലെ ഇയാളെ 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്‌ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യ ചാപ്‌റ്ററിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തിന് പിന്നാലെ ഇയാളെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സ്ഥാപനം ഉത്തരവിറക്കിയിരുന്നു.
വിലക്കുമായി അമേരിക്കൻ എയർലൈൻസ്: ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനും വിമാനത്തിനുള്ളിൽ മൂത്രമൊഴിച്ച ഇന്ത്യൻ വിദ്യാർഥിക്ക് അമേരിക്കൻ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 21 കാരനായ ഇന്ത്യൻ വിദ്യാർഥി ആര്യ വോറയ്‌ക്കാണ് അമേരിക്കൻ എയർലൈൻസ് വിലക്ക് ഏർപ്പെടുത്തിയത്. മാർച്ച് നാലിന് ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻ (എഎ-292) വിമാനത്തിലായിരുന്നു സംഭവം.
മദ്യ ലഹരിയിലായിരുന്ന ആര്യ വോറ വിമാനത്തിനുള്ളിൽ വച്ച് സഹയാത്രികനായ യുഎസ് പൗരന്‍റെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. ക്രൂ അംഗങ്ങളുടെ നിർദേശങ്ങൾ കേൾക്കാനും ഇയാൾ തയ്യാറായില്ല. തുടർന്ന് സഹയാത്രികന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്‌ത ഉടനെ എയർപോർട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.