ഫറൂഖാബാദ്: മദ്യപിച്ച് ബോധരഹിതനായി പാന്‍റ്സ് അഴിച്ച് ഷര്‍ട്ടും നിക്കറുമിട്ട് സ്‌കൂളിന്‍റെ വരാന്തയില്‍ കിടക്കുന്ന അധ്യാപകന്‍. സമീപത്തായി ഈ അധ്യാപകനെയും നോക്കി കൗതുകത്തോടെ നില്‍ക്കുന്ന കുരുന്നുകള്‍. ഉത്തര്‍പ്രദേശിലെ പരമാപുർ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ചർച്ചയാണ്.
ബുധനാഴ്‌ച (ഓഗസ്റ്റ് 17) വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകന്‍ അനന്ത്‌റാമിനെതിരെ പൊലീസ് കേസെടുത്തു. അധ്യാപകൻ നിലത്തുകിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ തടിച്ചുകൂടുകയും ശബ്‌ദമുണ്ടാവുകയും ചെയ്‌തതോടെ അധ്യാപകന്‍ എഴുന്നേറ്റു. ശേഷം, സ്‌കൂള്‍ അങ്കണത്തില്‍ ഛര്‍ദിക്കുകയുണ്ടായി. തുടര്‍ന്ന്, മോട്ടോര്‍ ബൈക്കുമെടുത്ത് സ്ഥലം വിടാന്‍ ശ്രമിക്കവെ, നേരെ നില്‍ക്കാന്‍ ആവാത്തതിനെ തുടര്‍ന്ന് വാഹനവുമായി ഇയാള്‍ മറിഞ്ഞുവീണു. ഇതും പ്രചരിക്കുന്ന ദൃശ്യത്തിലുണ്ട്.
പിന്നീട്, വാഹനം സ്‌കൂള്‍ മുറ്റത്തുവച്ച് ഇയാള്‍ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സ്‌കൂളിൽ മൂന്ന് അധ്യാപകരാണുള്ളത്. ഹെഡ്‌മാസ്റ്റർ ഇന്‍ചാര്‍ജായ അനന്ത്റാം മാത്രമാണ് സ്‌കൂളില്‍ സാധാരണയായി ഉണ്ടാവാറുള്ളത്. മുഴുക്കുടിയനായ അനന്ത്റാം വിദ്യാർഥികളെ ചീത്തവിളിക്കുകയും ഭയപ്പെടുത്തുകയും ചെയ്യാറുണ്ടെന്ന് ആക്ഷേപമുണ്ട്. ഇയാളുടെ മോശം പെരുമാറ്റം കാരണം കുട്ടികളെ സ്‌കൂളിൽ വിടാറില്ലെന്ന് പ്രദേശവാസികളില്‍ പലരും ഇ.ടി.വി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
അധ്യാപകന്‍ സ്ഥിരമായി മദ്യപിച്ചാണ് സ്‌കൂളിലെത്താറുള്ളത്. എന്നിട്ടുപോലും അധികൃതർ ഇതുവരെ നടപടിയെടുത്തിടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. അതേസമയം, അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.