ബെഹ്‌രംപൂര്‍: മധ്യവയസ്‌കന്‍റെ കുടലില്‍ നിന്നും സ്റ്റീല്‍ ഗ്ലാസ് കണ്ടെത്തി. ഒഡീഷയിലെ ബെര്‍ഹംപൂരിലാണ് അപൂര്‍വമായ സംഭവം. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്‌തു വരികയായിരുന്ന മധ്യവയസ്‌കന്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒഡീഷയിലെ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വയറുവേദനയുടെ കാരണം കണ്ടെത്താനായത്.
ഒഡീഷ സ്വദേശിയായ ഇയാള്‍ പത്ത് ദിവസം മുമ്പ് കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളുടെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കടത്തിവിടുകയായിരുന്നു. അടുത്ത ദിവസം മുതല്‍ ഇയാള്‍ക്ക് വേദനയനുഭവപ്പെട്ടു തുടങ്ങിയെങ്കിലും സംഭവത്തെ കുറിച്ച് ആരോടും പറഞ്ഞില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം വയര്‍ വീര്‍ത്തുവന്നതിനെ തുടര്‍ന്ന് ഇയാള്‍ ബെഹ്‌രംപൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
പരിശോധനയുടെ സമയത്ത് ഇയാള്‍ സംഭവിച്ച കാര്യങ്ങള്‍ ഡോക്‌ടറോട് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മലദ്വാരത്തിലൂടെ തന്നെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. കുടല്‍ മുറിച്ചായിരുന്നു ഉള്ളിലുണ്ടായിരുന്ന സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
ശസ്‌ത്രക്രിയ വിഭാഗം മേധാവി പ്രൊഫസര്‍ ചന്ദ്രന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ സഞ്‌ജിത്ത് കുമാര്‍ നായക്, സുബ്രത്ത് ബറല്‍, സത്യസ്വരൂപ്, പ്രതിഭ തുടങ്ങിയ ഡോക്‌ടര്‍മാരാണ് ശസ്‌ത്രക്രിയ നടത്തിയത്. രോഗിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.