ന്യൂഡല്‍ഹി : മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ വിതരണം വര്‍ധിപ്പിക്കാന്‍ അഞ്ച് നിർമാതാക്കളുമായി ബന്ധപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കുറവുണ്ടെങ്കിലും ആംഫോട്ടെറിസിൻ ബി രാജ്യത്ത് ലഭ്യമാണ്. ഇതിന്‍റെ ലഭ്യതയും വിതരണവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അഞ്ച് നിര്‍മാതാക്കള്‍ക്ക് കൂടി ലൈസൻസ് നൽകുന്നതിനായി ഫാർമ മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. നിലവിലുള്ള മരുന്ന് നിർമാതാക്കൾ അവരുടെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനായി പരിശ്രമിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
Read Also…..ബ്ലാക്ക് ഫംഗസ്;ആംഫോട്ടെറിസിൻ-ബി മരുന്നിന്‍റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി കേന്ദ്രം
അതേസമയം രാജ്യത്താകമാനം 8,848 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നായ ആംഫോട്ടെറിസിൻ-ബിയുടെ 23,000 അധിക ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ (2,281 കേസുകള്‍) റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിന് 5,800 ഡോസുകള്‍ അനുവദിച്ചു. രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് 5,090 ഡോസുകള്‍ നല്‍കി. 910 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രാപ്രദേശിന് 2,300 ഉം അയല്‍ സംസ്ഥാനമായ തെലങ്കാനയ്ക്ക് (350 കേസുകള്‍ക്ക്) 890 ഡോസുകളും അനുവദിച്ചു. ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിക്ക് 670 ഡോസുകളും ലഭ്യമാക്കി. കേന്ദ്രത്തിന്‍റെ കണക്ക് അനുസരിച്ച് കേരളത്തിൽ 36 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ. സംസ്ഥാനത്തിന് 120 ഡോസ് മരുന്ന് അനുവദിച്ചിട്ടുണ്ട്.
ബ്ലാക്ക് ഫംഗസ് ബാധ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണുകള്‍, മൂക്ക്, താടിയെല്ല്, തലച്ചോറ് എന്നീ ശരീരഭാഗങ്ങളെയാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്.