ബെംഗളൂരു: ദക്ഷിണ കന്നഡയിലെ കടകളില്‍ വില്‍പ്പനക്കെത്തിച്ച മയക്കുമരുന്ന് കലര്‍ന്ന 100 കിലോ ചോക്ലേറ്റ് പിടികൂടി. സംഭവത്തില്‍ കടയുടമകളെ അറസ്റ്റ് ചെയ്‌തു. ദക്ഷിണ കന്നഡ സ്വദേശിയായ മനോഹര്‍ ഷെട്ടി, ഉത്തര്‍പ്രദേശ് സ്വദേശിയായ ബേഖന്‍ സോങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കലര്‍ത്തിയ ചോക്ലേറ്റ് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (ജൂലൈ 19) കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ രണ്ട് കടകളിലാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനക്കിടെ പൊലീസ് പിടിച്ചെടുത്ത ചോക്ലേറ്റുകളുടെ സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും അറസ്റ്റിലായ കടയുടമകളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ പറഞ്ഞു. ചോക്ലേറ്റിന്‍റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്ക് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
തലസ്ഥാനത്ത് കഞ്ചാവ് വേട്ട: കഴിഞ്ഞ ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് വില്‍പ്പനക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടിയത്. 94 കിലോ കഞ്ചാവാണ് സംഘം പിടികൂടിയത്. കാറില്‍ കടത്തുന്നതിനിടെയാണ് കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തത്. സംഭവത്തില്‍ എസ്‌എഫ്‌ഐ നേതാവ് അടക്കം നാല് പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്.
കരുമഠം സ്വദേശികളായ വിഷ്‌ണു, രതീഷ്, അഖില്‍, തിരുവല്ല സ്വദേശി രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു സ്‌ത്രീയും കുഞ്ഞും ഓടി രക്ഷപ്പെട്ടു. ഇവരെ മറയാക്കിയാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംഘത്തില്‍ നിന്നും എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും എക്‌സൈസ് പിടികൂടി.
മയക്കുമരുന്ന് സംഘത്തെ പിടിക്കാന്‍ പ്രത്യേക സംഘം: തലസ്ഥാനത്ത് ലഹരി പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ രൂപികരിച്ച ഈ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. തലസ്ഥാനത്ത് കാറില്‍ എത്തിച്ച കഞ്ചാവ് ആന്ധ്രാപ്രദേശില്‍ നിന്നാണ് കടത്തി കൊണ്ടുവരുന്നതെന്ന് സംഘം അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയായ വിഷ്‌ണു ഭാര്യയേയും മക്കളെയും കൊണ്ട് യാത്ര പോകുകയാണെന്ന് പറഞ്ഞാണ് ആന്ധ്രയിലെ വിജയവാഡയിലെത്തിയത്. ഇക്കാര്യം പറഞ്ഞാണ് ഇയാള്‍ കാര്‍ വാടകയ്‌ക്ക് എടുത്തത്. ശാസ്‌തമംഗലം സ്വദേശിയുടെ കാറാണ് സംഘം വാടകയ്‌ക്ക് എടുത്തിരുന്നത്.
കാര്‍ ഉടമയുടെ സംശയം: ജിപിഎസ് ഘടിപ്പിച്ച കാറിന്‍റെ സഞ്ചാര പഥം മനസിലാക്കിയതോടെ സംശയം തോന്നിയ കാര്‍ ഉടമ എക്‌സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടമയുടെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ കാര്‍ സഞ്ചരിക്കുന്ന റൂട്ട് എക്‌സൈസ് കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കഞ്ചാവ് തോട്ടങ്ങളുള്ള ഭാഗത്തേക്കാണ് കാര്‍ സഞ്ചരിച്ചതെന്ന് ഇതോടെ മനസിലായി. തുടര്‍ന്നാണ് എക്‌സൈസ് സംഘം കാര്‍ പിടികൂടാന്‍ തീരുമാനിച്ചത്. തലസ്ഥാനത്തെത്തിയതോടെ പരിശോധന നടത്തുകയുമായിരുന്നു.
Also Read: തൊടുപുഴയില്‍ മയക്കുമരുന്ന് വേട്ട ; എല്‍എല്‍ബി വിദ്യാര്‍ഥികളടക്കം 5 പേര്‍ അറസ്റ്റില്‍