ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ നിന്നും തക്കാളി കയറ്റി രാജസ്ഥാനിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതായ ലോറി കണ്ടെത്തി. രാജസ്ഥാനിലെ ജലോറിലെ ഒരു പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് ലോറി കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്ന തക്കാളി അഹമ്മദാബാദില്‍ പകുതി വിലയ്‌ക്ക് ഡ്രൈവര്‍ വില്‍പ്പന നടത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ഇതിന് പിന്നാലെയാകാം ലോറി ജലോറില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതെന്നാണ് പൊലീസ് നിഗമനം. ലോറിയുമായി പോയ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ക്ലീനറെയും കണ്ടെത്തിയില്ല. ഇരുവര്‍ക്കും വേണ്ടിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ജൂലൈ 27നാണ് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി ലോഡുമായി കര്‍ണാടകയിലെ കോലാറില്‍ നിന്നും ലോറി രാജസ്ഥാനിലേക്ക് പുറപ്പെട്ടത്. മെഹ്‌ത ട്രാന്‍സ്‌പോര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ലോറി, കോലാറിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് ആന്‍ഡ് ലൈവ് സ്റ്റോക്ക് മാര്‍ക്കറ്റ് കമ്മിറ്റിയില്‍ (എപിഎംസി) നിന്നാണ് ഡ്രൈവര്‍ അന്‍വര്‍ യാത്ര തിരിച്ചത്. എസ്‌വിടി ട്രേഡേഴ്‌സ്, എജി ട്രേഡേഴ്‌സ് എന്നിവരുടെ 15 കിലോഗ്രാം വീതമുള്ള 735 പെട്ടികളാക്കിയാണ് ലോഡുമായി ലോറി പുറപ്പെട്ടത്.
കര്‍ണാടകയില്‍ നിന്നും പുറപ്പെട്ട ലോഡ് ഇക്കഴിഞ്ഞ (ജൂലൈ 30) ഞായറാഴ്‌ച രാജസ്ഥാനില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ തക്കാളി ലോഡ് എത്താത്തതിനെ തുടര്‍ന്ന് മെഹത് ട്രാൻസ്പോർട്ട് കമ്പനി ഉടമ സാദിഖ് ഡ്രൈവര്‍ അന്‍വറുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി ബന്ധപ്പെടാന്‍ കഴിയാത്തതോടെ ആശങ്കയിലായ സാദിഖ് കോലാര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പരാതിയും അന്വേഷണത്തിലെ കണ്ടെത്തലുകളും: പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ലോറി കണ്ടെത്തിയത്. രാജസ്ഥാനിലേക്കുള്ള യാത്രക്കിടെ വാഹനത്തില്‍ ഘടിപ്പിച്ച ജിപിഎസ് സംവിധാനം ഡ്രൈവര്‍ അഴിച്ച് മാറ്റിയിരുന്നു. ജിപിഎസ് സംവിധാനം അഴിച്ച് മാറ്റിയതിന് പിന്നാലെയാണ് ലോറിയുമായി ഇയാള്‍ ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരിച്ചത്.
അഹമ്മദാബാദിലെത്തിയ അന്‍വര്‍ തക്കാളി പ്രകാശ് എന്നയാള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍ 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി പകുതി വിലയ്‌ക്കാണ് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോലാറിലെ മെഹത് ട്രാൻസ്പോർട്ട് കമ്പനി ഉടമ സാദിഖ് ഗുജറാത്തിൽ എത്തി. ഗുജറാത്തിലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സാദിഖ്. അതേ സമയം തക്കാളി മറിച്ച് വിറ്റ് ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ട അന്‍വറിനും ക്ലീനര്‍ക്കുമായുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഏഷ്യയിലെ തക്കാളി വിപണിയില്‍ രണ്ടാമത്തേതാണ് കോലാറിലെ എപിഎംസി (അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി). ഇവിടെ നിന്നും രാജ്യത്തെ പല സംസ്ഥാനങ്ങളിലേക്ക് തക്കാളി കയറ്റുമതി ചെയ്യുന്നുണ്ട്. തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മോഷണം പെരുകിയതോടെ എപിഎംസി മാര്‍ക്കറ്റില്‍ സിസിടിവി ക്യാമറകള്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്.