ഹൽദ്വാനി (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിൽ 55 യാത്രക്കാരുമായി പോയ ബസ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ബസിന്‍റെ ഡ്രൈവർ ഇടയ്‌ക്കുവച്ച് ബോധരഹിതനായതാണ് കാരണം. ഹൽദ്വാനിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ബസാണ് യാത്രക്കാരനായ സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റിന്‍റെ അവസരോചിതമായ ഇടപെടൽ മൂലം വൻ അപകടത്തിൽ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടത്. സംഭവത്തിൽ ബസിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഹൽദ്വാനിയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ഉത്തരാഖണ്ഡ് റോഡ്‌വേയ്‌സ് ബസിലാണ് സംഭവമുണ്ടായത്. ബസ് ഹൽദ്‌വാനി രുദ്രപൂർ റോഡിൽ എത്തിയപ്പോൾ ഡ്രൈവർ തളർന്ന് വീഴുകയായിരുന്നു. ബസിന്‍റെ അക്‌സിലറേറ്ററിൽ നിന്ന് കാൽ എടുക്കാത്തതിനാൽ ബസ് കുതിച്ച് പാഞ്ഞു. ഞൊടിയിടയ്‌ക്കുള്ളിൽ തന്നെ ബസ് 100 കിലോമീറ്റർ വേഗത കടന്നു. ഇതോടെ യാത്രക്കാർ കൂട്ട നിലവിളിയും തുടങ്ങി.
എന്നാൽ ബസിലെ യാത്രക്കാരനായിരുന്ന സിഐഎസ്എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റിന്‍റെ സമയോചിതമായ ഇടപെടൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ഇയാൾ ഡ്രൈവറെ സീറ്റിൽ നിന്ന് വലിച്ച് മാറ്റി സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് ബസ് സുരക്ഷിതമായി റോഡരികിൽ നിർത്തുകയായിരുന്നു.
ഡ്രൈവർ മദ്യ ലഹരിയിലെന്ന് യാത്രക്കാർ : അതേസമയം ബസിലെ ഡ്രൈവറും കണ്ടക്‌ടറും മദ്യപിച്ചിരുന്നതായി ആരോപിച്ച് യാത്രക്കാർ റോഡിൽ പ്രതിഷേധിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തനഗർ പൊലീസ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ ഉടൻ തന്നെ മറ്റൊരു ബസിൽ സുരക്ഷിതരായി ന്യൂഡൽഹിയിലേക്ക് യാത്രയാക്കി.
അതേസമയം സംഭവം പരിശോധിക്കുകയാണെന്ന് ഉത്തരാഖണ്ഡ് ട്രാൻസ്‌പോർട്ട് കോർപറേഷന്‍റെ അസിസ്റ്റന്‍റ് റീജ്യണല്‍ മാനേജർ സുരേന്ദ്ര സിങ് ബിഷ്‌തു പറഞ്ഞു. യാത്രക്കാരെ മറ്റൊരു റോഡ്‌വേയ്‌സ് ബസിൽ ന്യൂഡൽഹിയിലേക്ക് അയച്ചു. പൊലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. ഡ്രൈവറെ അറസ്റ്റ് ചെയ്‌തു.
ALSO READ : CCTV Visual: അമിതവേഗതയിലെത്തിയ ബസ് 60കാരനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന്‍റെ നില ഗുരുതരം
ബസ് ഡ്രൈവർ പെട്ടെന്ന് ബോധരഹിതനായതിന്‍റെ കാരണം മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ബസ് കരാർ പ്രകാരമാണ് ഓടുന്നത്. അതിനാൽ ഞങ്ങൾ ബസ് ഉടമയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. സുരേന്ദ്ര സിങ് ബിഷ്‌തു വ്യക്‌തമാക്കി.