ഗാന്ധിനഗര്‍: മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ അതിര്‍ത്തി സുരക്ഷ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്ക് ദിവസങ്ങളോളം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ വേണ്ടി പ്രത്യേക ഭക്ഷണപദാര്‍ഥം വികസിപ്പിച്ച് ഡിആര്‍ഡിഒ (Defence Research and Development Organisation). ശൈത്യകാലത്തെ സൈനികര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. വിശപ്പ് ഇല്ലാതാക്കുന്നതിന് പുറമെ വികസിപ്പിച്ചെടുത്ത ഫുഡ് ടോണിക് ശരീര താപനില നിലനിര്‍ത്താനും സഹായിക്കുമെന്ന് ഡിആര്‍ഡിഒ ശാസ്‌ത്രജ്ഞന്‍ മനോജ് പട്ടേൽ ഇടിവി ഭാരതിനോട് പറഞ്ഞു.
തണുപ്പ് കാലത്ത് ജമ്മു കശ്‌മീര്‍, ലേ ലഡാക്ക്, ഹിമാനി ചൈന അതിര്‍ത്തികളില്‍ സേവനമനുഷ്‌ഠിക്കുന്ന സൈനികര്‍ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ ഡിആര്‍ഡിഒ ഗവേഷകരോട് സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ സംഘം ഒരു ഫുഡ് ടോണിക്കിനൊപ്പം ഹെര്‍ബല്‍ ടീ, ജ്യൂസ് എന്നിവയും വികസിപ്പിച്ചെടുത്തത്.
പുതുതായി വികസിപ്പിച്ചെടുത്ത ഭക്ഷ്യപദാര്‍ഥം ഒന്നോ രണ്ടോ എണ്ണം ഉപയോഗിച്ചുകഴിഞ്ഞാല്‍ ഒരു സൈനികന് മൂന്നോ നാലോദിവസം വിശപ്പ് അനുഭവപ്പെടുന്നത് തടയാം. ഇതിന്‍റെ ഉപയോഗം മൂലം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ഇവയില്‍ നിന്ന് പുതിയ ധാതുക്കളും, വിറ്റാമിനുകളും ശരീരത്തിന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും മനോജ് പട്ടേൽ വ്യക്തമാക്കി.
ഭക്ഷ്യവിതരണം മുടങ്ങുന്ന സാഹചര്യങ്ങളിലാണ് ഈ ഭക്ഷ്യപദാര്‍ഥം ഉപയോഗപ്രദമാകുന്നത്. പൂര്‍ണമായും ആയുര്‍വേദ രീതിയിലാണ് ഇവയുടെ നിര്‍മാണം നടത്തിയത്. ഉടന്‍ തന്നെ ഇത് സൈനികര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിനഗറിൽ പുരോഗമിക്കുന്ന ഡിഫൻസ് എക്‌സ്‌പോ 2022ലാണ് ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഭക്ഷ്യപദാര്‍ഥം അവതരിപ്പിച്ചത്.