ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലെ പ്രമുഖ ന്യൂറോളജിസ്റ്റായ ഡോ. സുബ്ബയ്യയുടെ കൊലപാതകത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പേർക്ക് വധശിക്ഷയും മറ്റ് രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും വിധിച്ച് ചെന്നൈ ഹൈക്കോടതി. പ്രതികളായ പൊന്നുസ്വാമി, ബേസിൽ, ബോറിസ്, വില്യംസ്, ജെയിംസ് സതീഷ് കുമാർ, മുരുകന്‍, സെൽവ പ്രകാശ് എന്നിവർക്ക് അഡീഷണൽ സെഷൻസ് ജഡ്‌ജി ഐ.എസ് അല്ലിയാണ് വധശിക്ഷ വിധിച്ചത്.
പട്ടാപ്പകല്‍ സംഘം ചേര്‍ന്ന് കൊലപാതകം
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മേരി പുഷ്‌പത്തിനും യേശുരാജനും 50,000 രൂപ പിഴയും ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ. സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായിരുന്ന സുബ്ബയ്യയെ 2013 സെപ്റ്റംബർ 14 നാണ് രാജ അണ്ണാമലൈപുരത്ത് സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. ഒന്‍പത് ദിവസത്തിനു ശേഷം ചികിത്സയോടു പ്രതികരിക്കാതെ അദ്ദേഹം മരണത്തിന് കീഴടങ്ങി.
സംഭവം സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞു
പകൽ നടന്ന കൊലപാതകം സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിൽ വ്യക്തമായി പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ദൃശ്യം സഹായകരമായി. ഡോക്‌ടറായ ജെയിംസ് സതീഷ് കുമാർ, സഹായികളായ മുരുകന്‍, സെൽവ പ്രകാശ്, ഇയ്യപ്പൻ, യേശുരാജന്‍, ബി. വില്യംസ്, സ്കൂൾ അധ്യാപകൻ പൊന്നുസ്വാമി, ഭാര്യ മേരി പുഷ്പം, അവരുടെ മക്കളായ അഡ്വക്കേറ്റ് പി ബേസിൽ, എന്‍ജിനീയർ പി ബോറിസ് എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികളില്‍ സുപ്രീം കോടതി അഭിഭാഷകനും
15 കോടി രൂപയുടെ ഭൂമിതര്‍ക്കത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഡോക്‌ടറും പൊന്നുസ്വാമിയുടെ കുടുംബവും തമ്മില്‍ നടന്ന സ്വത്ത് തര്‍ക്കത്തില്‍ നിയമ പോരാട്ടം സുബ്ബയ്യയ്ക്ക് അനുകൂലമായി. ഇത് വൈരാഗ്യമായി കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. സുപ്രീം കോടതി അഭിഭാഷകനും മുഖ്യപ്രതികളിലൊരാളുമായ വില്യംസ് 2018 ഓഗസ്റ്റിലാണ് കീഴടങ്ങിയത്.
പ്രോസിക്യൂഷൻ സാക്ഷിയായി പരിഗണിച്ച ഇയ്യപ്പനെ കോടതി വിട്ടയച്ചു. സംഭവത്തില്‍ 57 സാക്ഷികൾ, 173 രേഖകൾ, 42 തവണ സാക്ഷികളെ കോടതിയില്‍ ഹാജരാക്കല്‍, അന്തിമ വാദങ്ങൾ എന്നിവയ്ക്ക് ശേഷം ഒൻപത് പേർ കുറ്റക്കാരാണെന്ന് ജഡ്‌ജി ഐ.എസ് അല്ലി വിധിക്കുകയായിരുന്നു.
ALSO READ: ഇതര സംസ്ഥാന തൊഴിലാളിയുടെ നവജാത ശിശു മരിച്ച സംഭവത്തില്‍ കേസെടുത്തു