പട്‌ന : 'മോദി അപകീര്‍ത്തി' കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. അദ്ദേഹത്തിനെതിരെ ഈ ഘട്ടത്തില്‍ യാതൊരു വിധ നടപടിയും സ്വീകരിക്കരുതെന്നും കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ജാര്‍ഖണ്ഡ് ഹൈക്കോടതി വ്യക്തമാക്കി. കേസിന്‍റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി കേസിന് ആസ്‌പദമായ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ വിവിധ കോടതികളിലായി രാഹുല്‍ ഗാന്ധിക്കെതിരെ കേസുകള്‍ നിലവിവുണ്ട്. അഭിഭാഷകനായ പ്രദീപ് മോദിയാണ് ജാര്‍ഖണ്ഡ് കോടതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയത്.
മോദി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി പ്രദീപ് മോദി 20 കോടി രൂപയുടെ മാനനഷ്‌ട കേസാണ് ഫയല്‍ ചെയ്‌തിട്ടുള്ളത്. കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് അഭിഭാഷകന്‍ കൗശിക് സർഖേൽ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജിയിലാണ് നടപടി സ്റ്റേ ചെയ്‌തുള്ള ഉത്തരവുണ്ടായത്.
ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദിയുടേതാണ് ഉത്തരവ്. കോടതി ഉത്തരവിനെ തുടര്‍ന്ന് ഇനി രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകേണ്ടതില്ല. പരാതിക്കാരാനായ പ്രദീപ് മോദിയ്‌ക്ക് ഇത് സംബന്ധിച്ച് കോടതി നോട്ടിസ് അയച്ചു.
അതേസമയം മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ മാനനഷ്‌ട കേസ് പരിഗണിക്കുന്നത് പട്‌ന ഹൈക്കോടതി ജനുവരി 12 ലേക്ക് മാറ്റിയിരുന്നു. കീഴ്‌ക്കോടതിയുടെ ഉത്തരവിന് മേലുള്ള സ്റ്റേ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തുടരുമെന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് കുമാർ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച് സൂറത്ത് കോടതി : 2019 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോലാറില്‍ പ്രചാരണ പരിപാടിക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ 'മോദി അപകീര്‍ത്തി; പരാമര്‍ശം ഉണ്ടായത്. പ്രചാരണത്തിനിടെയുള്ള പ്രസംഗത്തില്‍, രാജ്യം വിട്ട നീരവ് മോദിയെയും ലളിത് മോദിയെയും ഒപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരുണ്ടായത് എങ്ങനെയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി വിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്നതാണന്നാണ് പരാതിക്കാരുടെ വാദം.
കേസിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഗുജറാത്തിലെ സൂറത്ത് കോടതി മാനനഷ്‌ട കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തു. കോടതി വിധിയ്‌ക്ക് പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി.
രാഹുല്‍ ഗാന്ധിയുടെ വാദം: തന്‍റെ പരാമര്‍ശം മോദി വിഭാഗത്തെ മൊത്തം അധിക്ഷേപിച്ചുള്ളതല്ലെന്നും ചില വ്യക്തികള്‍ക്ക് എതിരെ മാത്രമാണെന്നും അതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ വാദം. സത്യം തുറന്ന് പറയാന്‍ യാതൊരു ഭയവുമില്ലെന്നും അതിന്‍റെ പേരില്‍ എന്ത് വിലയും നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കേസിന് പിന്നാലെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ഏപ്രില്‍ 22നാണ് ഔദ്യോഗിക വസതി ഒഴിഞ്ഞത്.