രാമനഗര്‍(കര്‍ണാടക): കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ച് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. താനൊരു ജനപ്രതിനിധിയാണെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്‌ടര്‍മാരെ താന്‍ അറിയിക്കുമെന്നും പറഞ്ഞാണ് ശിവകുമാര്‍ കൊവിഡ് പരിശോധനക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചത്.
മേക്കേദാട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്‍റെ 10 ദിവസം നീണ്ട പദയാത്ര ഞായറാഴ്‌ച ആരംഭിച്ചതിന് പിന്നാലെയാണ് സംഭവ വികാസങ്ങള്‍. റാൻഡം പരിശോധനയുടെ ഭാഗമായി ശിവകുമാറിന്‍റെ സാമ്പിള്‍ ശേഖരിക്കാനെത്തിയതായിരുന്നു ജില്ല ഹെൽത്ത് ഓഫിസർ (ഡിഎച്ച്ഒ). എന്നാല്‍ സാമ്പിള്‍ നല്‍കാന്‍ ശിവകുമാര്‍ തയ്യാറായില്ല.
'ഞാനൊരു ജനപ്രതിനിധിയാണ്, ഈ നാടിന്‍റെ നിയമങ്ങൾ എനിക്കറിയാം, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഞാൻ പറയും. ഞാൻ ആരോഗ്യവാനാണ്. നിങ്ങൾക്ക് എന്നെ (പരിശോധനക്ക്) നിർബന്ധിക്കാനാവില്ല. നിങ്ങളുടെ ആഭ്യന്തര മന്ത്രിയോട് ഞാൻ ആരോഗ്യവാനാണെന്ന് പറയൂ. പരിശോധനക്കായി ഞാൻ എന്‍റെ സാമ്പിൾ തരില്ല, എനിക്കതിന്‍റെ ആവശ്യമില്ല,' ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറിന്‍റെ ക്യാമ്പിലെത്തിയ ഡിഎച്ച്ഒയോടും എഡിസിയോടും തർക്കിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ആഭ്യന്തര മന്ത്രിക്കോ ആരോഗ്യമന്ത്രിക്കോ മുഖ്യമന്ത്രിക്കോ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും തനിക്കില്ലെന്നും ശിവകുമാര്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 'ഞാൻ 15 കിലോമീറ്റർ നടന്നിട്ടുണ്ട്, എനിക്കൊന്നും സംഭവിച്ചില്ല. നിങ്ങളുടെ ആഭ്യന്തര മന്ത്രിയെ അയക്കൂ, മന്ത്രിയെ ഞാന്‍ എടുത്ത് പൊക്കാം', ഡി.കെ ശിവകുമാർ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ പദയാത്ര അട്ടിമറിക്കാൻ തന്നെ കൊവിഡ് ബാധിതനായി പ്രഖ്യാപിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവകുമാര്‍ ആരോപിച്ചു. 'ഈ പദയാത്ര എങ്ങനെയെങ്കിലും തടയാന്‍ കർണാടക സർക്കാർ ഗൂഢാലോചന നടത്തുകയാണ്, ഇത് അവരുടെ പ്രധാന പരിപാടിയാണ്,' ശിവകുമാർ പറഞ്ഞു. ബിജെപി സർക്കാർ വ്യാജ കൊവിഡ് കണക്കുകളാണ് പുറത്തുവിടുന്നതെന്ന ഗുരുതര ആരോപണം ഉന്നയിച്ച ശിവകുമാര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.
ബെംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളമെത്തിക്കുന്ന മേക്കേദാട്ട് അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ 10 ദിവസം നീണ്ട പദയാത്ര ഞായറാഴ്‌ചയാണ് ആരംഭിച്ചത്. പദയാത്ര ആരംഭിച്ചതിന് പിന്നാലെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ഡി.കെ ശിവകുമാര്‍, സിദ്ധരാമയ്യ ഉൾപ്പെടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Also read: കർശന നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി