ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര ഏജൻസിയുടെ അഭ്യർഥനയെ തുടർന്ന് ശിവകുമാറിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ 2019 സെപ്റ്റംബർ 25 ന് ബിഎസ് യെദ്യൂരപ്പയുടെ സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്‌തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇരു വിഭാഗത്തിന്‍റെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് കെ നടരാജന്‍റെ സിംഗിൾ ബെഞ്ചാണ് ഡി കെ ശിവകുമാറിന്‍റെ ഹർജി തള്ളിയത്.
സർക്കാർ അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ 2020 ഒക്‌ടോബർ മൂന്നിന് ഡി കെ ശിവകുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്‌തു. അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയതിലും തനിക്കെതിരെയുള്ള എഫ്ഐആറിനെയും ചോദ്യം ചെയ്‌ത് ശിവകുമാർ രണ്ട് വ്യത്യസ്‌ത ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. തുടർന്ന് അനുമതി ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജിയിൽ ഈ ആഴ്‌ച ആദ്യം വിധി പറയാനായി മാറ്റിയിരുന്നു.
എഫ്ഐആറിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 30ലേക്ക് മാറ്റി. 2017ൽ ശിവകുമാറിന്‍റെ ഓഫിസുകളിലും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ശിവകുമാറിനെതിരെ സ്വന്തം നിലയിൽ അന്വേഷണം ആരംഭിച്ചു. ഇഡി അന്വേഷണത്തിന് പിന്നാലെ ശിവകുമാറിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സിബിഐ അനുമതി തേടുകയായിരുന്നു.
ഇത് രാഷ്ട്രീയ പ്രേരിത എഫ്‌ഐആറാണെന്നും ആനുപാതികമല്ലാത്ത വരുമാനവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് എഫ്‌ഐആറുകൾ അദ്ദേഹത്തിനെതിരെ ഫയൽ ചെയ്‌തിട്ടുണ്ടെന്നുമായിരുന്നു ശിവകുമാർ കോടതിയിൽ വാദിച്ചത്. എംഎൽഎ ആയതിനാൽ നിയമസഭ സ്‌പീക്കറുടെ അനുമതിയാണ് വാങ്ങേണ്ടിയിരുന്നത്. എന്നാൽ ഈ കേസിൽ അത് ചെയ്‌തിട്ടില്ല. മാത്രമല്ല അനുമതി നൽകിയതിന്‍റെ കാരണവും സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഏത് ഏജൻസിയാണ് കേസിൽ അന്വേഷണം നടത്തേണ്ടതെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് കഴിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഡി കെ ശിവകുമാറിന്‍റെ ഹർജിയെ എതിർത്തത്. സിബിഐ പ്രത്യേക നിയമത്തിന് കീഴിലായതിനാൽ പ്രോസിക്യൂഷന് അനുമതി നൽകാനുള്ള കാരണങ്ങൾ പറയേണ്ടതില്ലെന്നും എതിർഭാഗം വാദിച്ചു. അന്വേഷണത്തിന്‍റെ 90 ശതമാനവും പൂർത്തിയായെന്നും പ്രതിഭാഗം അവകാശവാദം ഉന്നയിച്ചു. അന്വേഷണ റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(2), സെക്ഷൻ 13(1)(ഇ) പ്രകാരമാണ് ശിവകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ അവസരത്തിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ വന്ന ഹൈക്കോടതി വിധി ഡി കെ ശിവകുമാറിന് തിരിച്ചടിയായി. മെയ് 10നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണൽ.
Also read : കർണാടക സർക്കാർ ബിജെപിയുടെ വിമതനീക്കത്തിന് കീഴിൽ: ഡി കെ ശിവകുമാർ