ന്യൂഡൽഹി: ഇന്ത്യയുടെ ജീവിതശൈലി സുസ്ഥിര പരമ്പരാഗത രീതികളിലാണ് വേരൂന്നിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വെർച്വലായാണ് യോഗം ചേര്‍ന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടരുന്ന യാഥാർഥ്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ലോകത്ത് ദശലക്ഷക്കണക്കിനാളുകളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾക്കിടയിലും രാജ്യം ഊർജ സംരക്ഷണത്തിനും ഉത്പാദനത്തിനും വേണ്ടി നിരവധി മാർഗങ്ങൾ സ്വീകരിച്ചു. 2030ഓടെ 450 ഗിഗാവാട്ട് ഊർജം സൃഷ്ടിക്കുക എന്നതിലൂടെ രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. നിക്ഷേപ സമാഹരണത്തിനും ശുദ്ധമായ സാങ്കേതികവിദ്യകൾ സാധ്യമാക്കാനും ഹരിത സഹകരണം പ്രാപ്തമാക്കുന്നതിന് ഇന്ത്യ സഹായിക്കും. രാജ്യത്തിന്‍റെ പ്രതിശീർഷ കാർബൺ നിർഗമനം 60 ശതമാനം മാത്രമാണ്. ഇത് ആഗോള ശരാശരിയേക്കാൾ കുറവാണ്. ജീവിതശൈലി ഇപ്പോഴും സുസ്ഥിരമായ പരമ്പരാഗത സമ്പ്രദായങ്ങളിൽ വേരൂന്നിയതിനാലാണിതെന്നും മോദി വ്യക്തമാക്കി.
40 ഓളം ലോകനേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.ലോക നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിച്ചതിന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് അദ്ദേഹം നന്ദിയറിയിച്ചു.