ന്യൂഡൽഹി: ഡൽഹി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പിഞ്ചറ ടോഡ് പ്രവർത്തകരായ നതാഷ നർവാൾ, ദേവാംഗ്‌ന കലിത, ജാമിയ വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി പിഞ്ചറ ടോഡ് പ്രവർത്തകർ.
ജാമ്യാപേക്ഷ നടപ്പിലാക്കാൻ കാലതാമസം
ദേവാംഗ്‌ന കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്ക് ജസ്‌റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജൂൺ 15ന് 50,000 രൂപ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജൂൺ 15ന് പാസാക്കിയ ജാമ്യാപേക്ഷ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്ന് പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ പറഞ്ഞു. എന്നാൽ ഇരുവരുടെയും വിലാസങ്ങൾ ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണെന്നും അത് കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും അതിനാലാണ് നടപടിക്രമങ്ങൾ നീണ്ടു പോയതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് വ്യക്തമാക്കി.
ഇരുവശത്ത് നിന്നും സമർപ്പിച്ച കാര്യങ്ങൾ പരിശോധിച്ച ശേഷം വിചാരണക്കോടതി ഹർജിയിൽ തീരുമാനനമെടുക്കട്ടെയെന്ന് ജസ്‌റ്റിസ് സിദ്ധാർത്ഥ് മൃദുൽ, ജസ്‌റ്റിസ് നുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
പിഞ്ചറ ടോഡ് പ്രവർത്തകരായ നതാഷ നർവാൾ, ദേവാംഗ്‌ന കലിത എന്നിവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി ഹൈക്കോടതി ബുധനാഴ്‌ച ഡൽഹി പൊലീസിനോട് നിർദേശിച്ചിരുന്നു. എന്നാൽ പ്രതികളുടെയും ജാമ്യത്തിന്‍റെയും കൂടുതൽ വിവരങ്ങൾ പരിശോധിക്കാൻ ഡൽഹി പൊലീസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. നതാഷ നർവാൾ, ദേവാംഗ്‌ന കലിത എന്നിവരെ 2020 മെയ് 29നും ആസിഫ് ഇക്ബാൽ തൻഹയെ 2020 മെയ് 19 നുമാണ് അറസ്‌റ്റ് ചെയ്‌തത്.
Also Read: ഗാസിയാബാദ് ആക്രമണം: വീഡിയോ പ്രചരിപ്പിച്ചതിന് സമാജ്‌വാദി പാർട്ടി പ്രവർത്തകനെതിരെ കേസ്