ന്യൂഡൽഹി : ഡൽഹിയിലെ കസ്തൂർബാ നഗറിൽ 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് പരേഡ് നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ കൂടി അറസ്റ്റിൽ. സംഭവത്തിൽ ഇതുവരെ 16 മുതിർന്നവരും നാല് പ്രായപൂർത്തിയാകാത്തവരുമടക്കം 20 പേർ പിടിയിലായതായി അധികൃതർ അറിയിച്ചു.
രണ്ട് പ്രതികൾ ഒളിവിലാണെന്നും ഇരയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ് ഇവരിൽ ഒരാളെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഷഹ്ദാര) ആർ. സത്യസുന്ദരം പറഞ്ഞു. ഓട്ടോ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ സമർപ്പിക്കുമെന്നും അതിവേഗ വിചാരണ നടത്താൻ കോടതിയെ പ്രേരിപ്പിക്കുമെന്നും ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന വ്യാഴാഴ്‌ച പറഞ്ഞിരുന്നു.
തട്ടിക്കൊണ്ടുപോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മുടി മുറിച്ച്, മുഖത്ത് കറുത്ത ചായം പൂശി, കഴുത്തിൽ ചെരുപ്പ് മാലയണിയിച്ച് കസ്തൂർബാ നഗറിലെ തെരുവുകളിൽ പ്രതികൾ പരേഡ് നടത്തിച്ചെന്നാണ് കേസ്. യുവതിയും പ്രതികളിലൊരാളുടെ കുടുംബത്തിലെ യുവാവും നേരത്തേ സുഹൃത്തുക്കളായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ ഈ യുവാവ് ആത്മഹത്യ ചെയ്യുകയും ഇതിന്‍റെ പേരിൽ യുവാവിന്‍റെ കുടുംബം യുവതിയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. യുവതി കാരണമാണ് യുവാവ് അത്തരമൊരു തീരുമാനമെടുക്കാൻ തുനിഞ്ഞത് എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം. ഇതിന് പ്രതികാരമായാണ് കുടുംബാംഗങ്ങൾ യുവതിയെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് പറയുന്നു.
ജനുവരി 19ന് ഇതേ അക്രമികൾ തന്നെയും പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിപ്പെട്ടതിനെ തുടർന്ന് കസ്തൂർബാ നഗറിലെ ഇരയുടെ സഹോദരിയുടെ വീടിന് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം ആക്രമണത്തിന് ഇരയായ യുവതിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ അതിവേഗ കോടതിയിൽ ഇരയ്‌ക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.