ന്യൂഡല്‍ഹി: കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്‍റെയും സഹായിയുടെയും പൊലീസ് കസ്റ്റഡി നീട്ടി ഡല്‍ഹി രോഹിണി കോടതി. നാലു ദിവസത്തേക്കു കൂടിയാണ് കസ്റ്റഡി നീട്ടിയത്. ജൂനിയർ ഗുസ്‌തി താരം സാഗർ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് സുശീല്‍ കുമാര്‍ അറസ്റ്റിലായത്.
MORE READ: ഛത്രസാൽ കൊലപാതകം: സുശീല്‍ കുമാറിന്‍റെ ഒരു കൂട്ടാളി കൂടി അറസ്റ്റില്‍
പൊലീസ് കസ്റ്റഡിയില്‍ വിട്ട സുശീലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡെല്‍ഹി ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടതി നാലു ദിവസം കൂടി കസ്റ്റഡി നീട്ടിയത്. സുശീൽ കുമാറിനെ ചോദ്യം ചെയ്യാൻ ഡല്‍ഹി പൊലീസ് റിമാൻഡ് അപേക്ഷ കോടതി ഭാഗികമായാണ് പരിഗണിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഡെല്‍ഹി പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, പൊലീസിന് നാലു ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. പൊലിസ് കസ്റ്റഡി നീട്ടിയതിനൊപ്പം എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതുവരെ ഒമ്പതു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
ALSO READ: ഭീകരാക്രമണത്തിന് ഗൂഢാലോചന: ഹിസ്ബുൾ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം ചുമത്തി എൻ.ഐ.എ
അതേസമയം, സുശീൽ കുമാറിന്‍റെ ഒരു കൂട്ടാളിയെ കൂടി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. രോഹിത് കകോര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവം നടക്കുമ്പോൾ ഛത്രാസൽ സ്റ്റേഡിയത്തിൽ കാക്കോർ സന്നിഹിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സുശീൽ കുമാറിന്‍റെ കൂട്ടാളികളായ രോഹിത് കകോർ, വീരേന്ദ്ര ബിന്ദർ എന്നിവർക്കെതിരെ നേരത്തെ പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.