ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം ദിനവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത് 300ൽ കൊവിഡ് കേസുകൾ. 228 പേർക്കാണ് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,31,498 ആയി. 364 പേർ ജൂൺ 15ന് രോഗമുക്തരായിട്ടുണ്ട്. 14,03,569 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.
12 മരണങ്ങളാണ് ഡൽഹിയിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ മൂന്നിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇത്. 3,078 പേരാണ് ഇനിയും രാജ്യ തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.
ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രോഗമുക്തി നിരക്ക് 98.05 ശതമാനമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 60,949 പേർക്കാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ നൽകിയത്. ഇതോടെ ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 61,47,977 ആയി.
Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം
ഏകദേശം ഒന്നര മാസത്തിന് ശേഷം ഡൽഹി സർക്കാർ ചന്തകൾക്കും മാളുകൾക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്‍റുകളിൽ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഡൽഹി മെട്രോയും ബസുകളും 50 ശതമാനം ആളുകളെ വച്ച് സേവനം തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 19നായിരുന്നു സർക്കാർ ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.