ന്യൂഡൽഹി : ടൂൾകിറ്റ് കേസിൽ ട്വിറ്റർ ഇന്ത്യയുടെ ഓഫിസുകളിൽ ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ പരിശോധന. കോണ്‍ഗ്രസിന്‍റെ ടൂൾകിറ്റ് എന്ന പേരിൽ ബിജെപി വക്താവ് സംബിത് പാത്ര പങ്കുവെച്ച ട്വീറ്റിന് മാനിപ്പുലേറ്റഡ് മീഡിയ ടാഗ് നൽകിയ ട്വിറ്റർ നടപടിയിൽ സ്പെഷ്യൽ സെൽ വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെയാണ് ട്വിറ്ററിന്‍റെ ലാഡോ സരായ്, ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ഓഫിസുകളിൾ പൊലീസ് എത്തിയത്. ടൂൾകിറ്റ് എന്ന പേരിൽ ഷെയർ ചെയ്‌ത ഡോക്യുമെന്‍റ് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന നിഗമനത്തിൽ ട്വിറ്റർ എങ്ങനെയെത്തി എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ചില കാര്യങ്ങൾ ട്വിറ്റർ മറച്ചുവയ്ക്കുന്നുവെന്നാണ് പൊലീസ് വാദം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ട്വിറ്ററിന് കത്തയച്ചത്.
Also Read:ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ സ്‌ത്രീക്ക് നേരെ മർദനം; ദൃശ്യം പുറത്ത്
കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിച്ഛായ തകർക്കാൻ കോണ്‍ഗ്രസ് ടൂൾകിറ്റ് ഉപയോഗിക്കുകയാണെന്നായിരുന്നു സംബിത് പാത്രയുടെ ആരോപണം. കോണ്‍ഗ്രസ് തയ്യാറാക്കിയ ടൂൾകിറ്റ് എന്നപേരിലാണ് സംബിത് പാത്ര ഒരു കത്ത് പോസ്റ്റ് ചെയ്‌തത്. സമൂഹമാധ്യമങ്ങള്‍ വഴി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ വിശദമായ നിർദേശങ്ങളും പ്രചാരണ രീതികളും അടങ്ങിയ ഡോക്യുമെന്‍റ് ആണ് ടൂൾകിറ്റ്. എന്നാൽ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. കൂടാതെ ഇത് വ്യാജമായി നിര്‍മിച്ചതാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.