ന്യൂഡല്‍ഹി: കശ്‌മീരി പണ്ഡിറ്റുകളെ കുറിച്ചുള്ള പരാമര്‍ശം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്‍വലിക്കുന്നത് വരെ തന്‍റെ പോരാട്ടം തുടരുമെന്ന് ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗ. തന്നെ പഞ്ചാബ് പൊലീസ് കസ്‌റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും അദ്ദേഹം ആരോപിച്ചു. മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ബഗ്ഗ തിരികെ വസതിയിലെത്തിയപ്പോഴായിരുന്നു വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
തന്നെ പിന്തുണച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ക്കും ഹരിയാന, ഡല്‍ഹി പൊലീസിനും അദ്ദേഹം നന്ദി പറഞ്ഞു. പൊലീസ് സഹായത്തോടെ തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരോട് ഒരു ബിജെപി പ്രവർത്തകൻ ആരെയും പേടിക്കില്ലെന്നും ബഗ്ഗ കൂട്ടിച്ചേര്‍ത്തു. മൊഹാലിയിലേക്കുള്ള യാത്രാ മധ്യേ ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് പൊലീസ് തജീന്ദർ പാൽ സിംഗ് ബഗ്ഗയെ കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് ബഗ്ഗയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസിനെതിരെ തട്ടികൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത ഡല്‍ഹി പൊലീസിന്‍റെ ഇടപടലിലൂടെയാണ് ബിജെപി നേതാവിനെ മോചിപ്പിച്ചത്. ഡല്‍ഹി പൊലീസ് സേനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബഗ്ഗയുമായെത്തിയ പഞ്ചാബ് പൊലീസിനെ തടഞ്ഞ് ഹരിയാന പൊലീസാണ് അദ്ദേഹത്തെ ഡല്‍ഹി നിയമപാലകര്‍ക്ക് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഡല്‍ഹി പൊലീസ് സംഘം കുരുക്ഷേത്രയിലെത്തിയാണ് ബഗ്ഗയെ തിരികെ രാജ്യതലസ്ഥാനത്തേക്ക് എത്തിച്ചത്. പൊലീസിന് കൈമാറുന്നതിന് പകരം തജീന്ദർ പാൽ സിംഗ് ബഗ്ഗ ഹരിയാനയില്‍ തന്നെ തുടരണമെന്ന പഞ്ചാബ് സര്‍ക്കാരിന്‍റെ ആവശ്യം പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ തള്ളിയിരുന്നു.