ന്യൂഡല്‍ഹി : തെന്നിന്ത്യന്‍ താര സുന്ദരി രശ്‌മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസില്‍ അന്വേഷണം ആരംഭിച്ചു. 1860 ലെ ഐപിസി സെക്ഷന്‍ 465, 469, 2000 ത്തിലെ 66 സി, 66 ഇ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു (Rashmika Madana Deepfake Video).
നടി രശ്‌മിക മന്ദാനയുടെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹി വനിത കമ്മിഷനും നടപടി ആവശ്യപ്പെട്ടിരുന്നുവെന്നും കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. നവംബര്‍ 17നകം കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വനിത കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വളരെയധികം ഗൗരവമുള്ള കേസാണെന്നും പൊലീസ് പറഞ്ഞു (deepfake video case of actress Rashmika Mandanna).
മോര്‍ഫ് ചെയ്‌ത വീഡിയോയുടെ പ്രചരണം: നവംബര്‍ 5നാണ് രശ്‌മികയുടെ മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കറുത്ത വസ്‌ത്രമണിഞ്ഞ താരം ലിഫ്‌റ്റില്‍ കയറുന്നതാണ് വീഡിയോയിലുള്ളത്. സംഭവം ഏറെ വൈറലായതോടെ താരം സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായെത്തിയിരുന്നു. അമിതാഭ് ബച്ചന്‍ അടക്കം നിരവധി താരങ്ങളാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഒറിജിനല്‍ വീഡിയോ സാറ പട്ടേലിന്‍റേത്: ബ്രിട്ടീഷ് ഇന്ത്യന്‍ വനിതയായ സാറ പട്ടേലിന്‍റെ വീഡിയോയാണ് താരത്തിന്‍റെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിച്ചത്. വാര്‍ത്തയും ദൃശ്യങ്ങളും പ്രചരിച്ചതോടെ സാറ പട്ടേലും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'എന്‍റെ ശരീരവും ഒരു ജനപ്രിയ നടിയുടെ മുഖവും ഉപയോഗിച്ച് നിര്‍മിച്ച ഒരു ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ താന്‍ ഏറെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമാണെ'ന്നും സാറ പട്ടേല്‍ പറഞ്ഞു.
ഇതാര്‍ക്കും സംഭവിക്കരുതെന്ന് വിജയ് ദേവരകൊണ്ട ( Response Of Vijay Deverakonda): നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. താരത്തിനൊപ്പം നിരവധി സിനിമകളില്‍ നായക വേഷമിട്ട നടന്‍ വിജയ് ദേവരകൊണ്ടയും പ്രതികരണവുമായെത്തി. 'ഇത് ആര്‍ക്കും സംഭവിക്കരുത്, സൈബര്‍ വിങ്ങിനെ കുറിച്ച് പോലും ആളുകള്‍ കഴിയുന്നത്ര മനസിലാക്കണം. ഇത്തരത്തില്‍ ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്യുന്നവരെ ഉടനടി കണ്ടെത്താനും അവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയണം. അപ്പോള്‍ മാത്രമെ ആളുകള്‍ക്ക് രാജ്യത്ത് സുരക്ഷിതത്വം അനുഭവിക്കാന്‍ കഴിയുകയുള്ളൂവെന്നു'മാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.