ന്യൂഡല്‍ഹി : ഭാരത് ജോഡോ യാത്രയുടെ സമാപനത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായവരെ കുറിച്ച് പരാമര്‍ശം നടത്തിയതില്‍ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. ഞായറാഴ്‌ച രാവിലെയാണ് നേരത്തെ നല്‍കിയ നോട്ടിസിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ എത്തിയത്. ഇന്ത്യയുടെ ജനാധിപത്യം അപകടത്തില്‍ എന്ന് പരാമര്‍ശിച്ച തന്‍റെ ലണ്ടന്‍ പ്രസംഗത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ കടന്നാക്രമണം നടത്തുന്നതിനിടെയാണ് ഡല്‍ഹി പൊലീസിന്‍റെ നടപടി.
രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ സൂചിപ്പിച്ച ലൈംഗിക പീഡനത്തിന് ഇരകളായ സ്‌ത്രീകളുടെ വിശദാംശങ്ങള്‍ അറിയാനാണ് തങ്ങള്‍ എത്തിയത് എന്നാണ് പൊലീസിന്‍റെ വിശദീകരണം. വിവരം ലഭിച്ചാല്‍ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ കമ്മിഷണര്‍ (ലോ ആന്‍റ് ഓര്‍ഡര്‍) സാഗര്‍ പ്രീത് ഹൂഡ വ്യക്തമാക്കി.
'ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ വന്നതാണ്. ജനുവരി 30 ന് ശ്രീനഗറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തില്‍, അദ്ദേഹം പീഡനത്തിരയായ സ്‌ത്രീകളെ കണ്ടിരുന്നു എന്ന് പറഞ്ഞിരുന്നു. അവരെ കുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചാല്‍ അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സാധിക്കും' - സാഗര്‍ പ്രീത് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന സോഷ്യല്‍ മീഡിയ വഴി ശ്രദ്ധയില്‍പ്പെട്ട പൊലീസ് ലൈംഗിക അതിക്രമത്തിന് ഇരകളായ സ്‌ത്രീകളുടെ വിവരങ്ങള്‍ ആരാഞ്ഞ് രാഹുല്‍ ഗാന്ധിക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലാണ് രാഹുല്‍ ഗാന്ധി പ്രസ്‌തുത പരാമര്‍ശം നടത്തിയത്. ജോഡോ യാത്രയ്ക്കിടെ, ലൈംഗിക അതിക്രമത്തിന് ഇരകളായ സ്‌ത്രീകളെ കണ്ടുവെന്നും അവര്‍ സങ്കടം പങ്കുവച്ചുവെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്‌താവനകള്‍ : വ്യവസായ പ്രമുഖൻ ഗൗതം അദാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധത്തെ ചോദ്യം ചെയ്‌തതിന് രാഹുല്‍ ഗാന്ധി ബിജെപിയുടെ രോഷത്തിന് പാത്രമായിരുന്നു. മോദിയുടെ വിദേശ യാത്രകൾക്ക് തൊട്ടുപിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്ന് അദാനി ഗ്രൂപ്പിന് കരാർ ലഭിച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്. വിദേശ യാത്രകളിൽ പ്രധാനമന്ത്രി അദാനിക്കൊപ്പം യാത്ര ചെയ്യുന്നത് പല സന്ദർഭങ്ങളിലും കണ്ടിരുന്നു എന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുകയുണ്ടായി.
അതേസമയം ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും പ്രതിപക്ഷത്തിന്‍റെ ശബ്‌ദം രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി കേംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ പറഞ്ഞത് വിമര്‍ശനത്തിന് വഴിവച്ചു. പ്രസ്‌തുത പരാമര്‍ശം പിന്‍വലിച്ച് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. പ്രശ്‌നത്തില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ നടപടികള്‍ വരെ തടസപ്പെടുകയുണ്ടായി.
ഇന്ത്യയുടെ ജനാധിപത്യത്തെ ചോദ്യം ചെയ്‌തതിലൂടെ രാജ്യത്തിന്‍റെ അഭിമാനത്തെയാണ് വിദേശ മണ്ണില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്‌തത് എന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാല്‍ താന്‍ രാജ്യത്തിന്‍റെ ജനാധിപത്യത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്‌തത് എന്ന വിശദീകരണവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു.