ന്യൂഡൽഹി: ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി 15 വയസുകാരിയെ വിവാഹത്തിന് നിർബന്ധിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസിൽ 18 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒക്ടോബർ 23ന് കാണാതായ പെൺകുട്ടിയെയും പൊലീസ് കണ്ടെത്തി.
രാജസ്ഥാനിലെ അൽവാറിലെ രത്‌നകി ഗ്രാമത്തിൽ താമസിക്കുന്ന ഷോയാബ് ഖാൻ ഒക്ടോബർ 22ന് ഡൽഹിലെത്തി ഫേസ്ബുക്കിൽ കണ്ടുമുട്ടിയ പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു. പിന്നീട് ഇയാൾ പെൺകുട്ടിയെ ബിഹാറിലേക്കും ഉത്തർപ്രദേശിലേക്കും കൊണ്ടുപോകുകയും ഒക്ടോബർ 26ന് ബദർപൂർ അതിർത്തിയിൽ ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.
പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് രാജൗരി ഗാർഡൻ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് പെൺകുട്ടിയുടെ കോൾ വിശദാംശങ്ങൾ, ഫേസ്ബുക്ക്, മെസഞ്ചർ, വാട്ട്‌സ്ആപ്പ്, തുടങ്ങി എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വിശദമായി പരിശോധിച്ചു. അന്വേഷണത്തിനിടെ എസ്‌കെ സിൻഹയെന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പതിവായി സന്ദേശം വരുന്നതായി കണ്ടെത്തി. തുടരന്വേഷണത്തിൽ രാജസ്ഥാനിലെ രത്‌നാക്കി വില്ലേജിലെ താമസക്കാരനായ ഷോയാബ് ഖാനാണ് എസ്‌കെ സിൻഹയുടെ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി.