ന്യൂഡൽഹി : തുടർച്ചയായ നാലാം വർഷവും ലോകത്ത് ഏറ്റവുമധികം വായു മലിനീകരണം നേരിടുന്ന രാജ്യ തലസ്ഥാനമായി ഡൽഹി. സ്വിസ് സ്ഥാപനമായ 'ഐ ക്യു എയർ' പുറത്തിറക്കിയ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഡൽഹി ഇത്തവണയും ഒന്നാം സ്ഥാനത്തുള്ളത്. മുൻ വർഷത്തേക്കാൾ 15 ശതമാനം വായു മലിനീകരണം രാജ്യ തലസ്ഥാനത്ത് വർധിച്ചുവെന്ന് പഠനം പറയുന്നു.
ഡൽഹിയിലെ വായുമലിനീകരണത്തിന്‍റെ അളവ് ലോകാരോഗ്യ സംഘടന നിർദേശിച്ച സുരക്ഷിത പരിധിയായ ഒരു ക്യൂബിക് മീറ്ററിന് അഞ്ച് മൈക്രോഗ്രാം എന്നതിനേക്കാൾ 20 മടങ്ങ് കൂടുതലാണ്. 117 രാജ്യങ്ങളിലെ 6475 നഗരങ്ങളിലെ പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്‍റെ അളവ് പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ബംഗ്ലാദേശിലെ ധാക്കയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള തലസ്ഥാനം. മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിന്‍റെ തലസ്ഥാനം എൻജാമിനയാണ് മൂന്നാമത്. ലോകത്ത് ഏറ്റവും മലിനമായ 100 നഗരങ്ങളുടെ പട്ടികയിൽ 63 ഇന്ത്യൻ നഗരങ്ങളാണുള്ളത്.
ALSO READ: മാര്‍ച്ച് 31ന് ശേഷവും പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കണം ; വ്യക്തത വരുത്തി കേന്ദ്രം
അതേസമയം സമ്പൂർണ എമിഷൻ ലോഡ് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ചിട്ടയായതും സമഗ്രവുമായ നയം നടപ്പാക്കാത്തതിനാലാണ് ഡൽഹിക്ക് ഇത്രയും വർഷമായി വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയാതിരുന്നതെന്ന് സെന്‍റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർയിലെ സുനിൽ ദാഹിയ പറഞ്ഞു.
ലണ്ടനും ബീജിങും ഒരു കാലത്ത് ഡൽഹിയേക്കാൾ മലിനമായിരുന്നുവെന്നും വ്യവസ്ഥാപിതവും ഏകോപിതവുമായ നയങ്ങൾ നടപ്പിലാക്കുന്നതിലൂടെ അവിടുത്തെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.