ഡല്‍ഹി : യുഎഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് വ്യാജ രേഖ നല്‍കി ഹോട്ടല്‍ ലീല പാലസില്‍ മൂന്ന് മാസത്തോളം താമസിച്ച് ബില്ലടയ്ക്കാതെ വന്‍ തട്ടിപ്പ്. 23 ലക്ഷത്തിലേറെ തുകയുടെ ബില്ലടയ്ക്കാതെയും ഹോട്ടലിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നും മുങ്ങിയ ഡല്‍ഹി സ്വദേശിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണമാരംഭിച്ചു. മുഹമ്മദ് ഷെരീഫ് എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് ഒന്നിന് ഹോട്ടലില്‍ താമസത്തിനായി എത്തിയ ഇയാള്‍ നവംബര്‍ 20നാണ് ചെക്ക് ഔട്ട് ചെയ്‌തത്. ഇക്കാലയളവിലെ താമസച്ചെലവില്‍ 23 ലക്ഷത്തിലധികം രൂപയാണ് ഇനി ഇദ്ദേഹം നല്‍കാനുള്ളത്. ഹിസ് ഹൈനസ് ഷെയ്‌ഖ് ഫലാഹ് ബിന്‍ സയദ് അല്‍ നഹ്യാന്‍ സര്‍ക്കാരിലെ പ്രധാന ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് വ്യാജ ബിസിനസ് കാര്‍ഡ് നല്‍കിയാണ് ഇയാള്‍ ഹോട്ടലില്‍ താമസത്തിന് എത്തിയത്. ഇത് കൂടാതെ യുഎഇയുടെ വ്യാജ റസിഡന്‍റ് കാര്‍ഡും ഇയാള്‍ സമര്‍പ്പിച്ചിരുന്നു.
റൂം ചാര്‍ജ് ഇനത്തില്‍ 11.5 ലക്ഷം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ട്. ഇനി 23,48,413 ലക്ഷം രൂപ നല്‍കാനുണ്ടെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. 2022 നവംബര്‍ 21ന് 20 ലക്ഷത്തിന്‍റെ ചെക്ക് ഇയാള്‍ ജീവനക്കാര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ബാങ്കില്‍ സമര്‍പ്പിച്ചപ്പോഴാണ് ചെക്കിന്‍റെ കാലാവധി 2022 സെപ്‌റ്റംബര്‍ വരെയായിരുന്നുവെന്നും ആവശ്യമായ തുക അക്കൗണ്ടില്‍ ഇല്ലെന്നും തെളിഞ്ഞത്.
2022 നവംബര്‍ 20ന് ഉച്ചയ്‌ക്ക് ഒരു മണിയോടുകൂടി ഹോട്ടലിലെ വിലപിടിപ്പുള്ള വസ്‌തുക്കളുമായി ഇയാള്‍ കടന്നുകളയുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. നവംബര്‍ 22ന് ഹോട്ടലിലെ കുടിശ്ശിക തീര്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍. ഹോട്ടല്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് ജനുവരി 13ന് ഐപിസി 419(ആള്‍മാറാട്ടം നടത്തി കബളിപ്പിക്കുക), 420(വഞ്ചന), 380(മോഷണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണമാരംഭിച്ചു.