ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് നിലനിന്നിരുന്ന വാരാന്ത്യ കർഫ്യുവും വാണിജ്യ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഒറ്റ-ഇരട്ട നിയമവും പിൻവലിക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ തീരുമാനമായി. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം.
200 പേരെയോ വിവാഹസ്ഥലത്തിന്‍റെ 50 ശതമാനം ശേഷിയിലോ ആൾക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് വിവാഹങ്ങൾ നടത്താം. സിനിമ ഹാളുകൾ, ബാറുകൾ, റെസ്റ്റോറന്‍റുകൾ എന്നിവയ്ക്കും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. സർക്കാർ ഓഫിസുകൾക്കും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ അടുത്ത യോഗത്തിൽ തീരുമാനമുണ്ടാകും.
കണ്ടെയ്‌ൻമെന്‍റ് സോണുകൾക്ക് പുറത്തുള്ള സ്വകാര്യ ഓഫിസുകൾക്ക് 50 ശതമാനം ഹാജരോടെ പ്രവർത്തിക്കാൻ കഴിഞ്ഞ ആഴ്‌ച ഡൽഹി സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഓഫിസുകളുടെ പ്രവൃത്തി സമയം, ജീവനക്കാരുടെ എണ്ണം എന്നിവ പരിമിതപ്പെടുത്താൻ ദുരന്ത നിവാരണ അതോറിറ്റി സ്വകാര്യ ഓഫിസുകൾക്ക് നിർദേശം നൽകി.
കൊവിഡ് വ്യാപനത്തെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ കർഫ്യു ഏർപ്പെടുത്താൻ ഈ മാസം ആദ്യമാണ് ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചത്. അതേസമയം ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7498 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി സർക്കാർ അറിയിച്ചു. 10.59 ആണ് പോസിറ്റിവിറ്റി നിരക്ക്. 11,164 പേർ രോഗമുക്തി നേടി. 29 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25,710 ആയി.