ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളുടെ മറവിൽ രാഷ്‌ട്രീയ പരസ്യങ്ങൾ നൽകിയ വകയിൽ ആം ആദ്‌മി പാർട്ടി 97 കോടി രൂപ തിരിച്ചടയ്‌ക്കണമെന്ന് ഉത്തരവിട്ട് ലെഫ്റ്റനന്‍റ് ഗവർണർ വി കെ സക്‌സേന. ചെലവഴിച്ച തുക ഡൽഹി സർക്കാരിന്‍റെ ഫണ്ടിൽ നിന്ന് ഈടാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മാർഗനിർദേശങ്ങളുടെ പൂർണ ലംഘനമാണ് ഗവൺമെന്‍റ് പ്രസിദ്ധീകരിച്ച പരസ്യങ്ങൾ എന്ന് കണ്ടെത്തിയതിനെ തുടന്നാണ് നടപടി.
2016ൽ അത്തരം പരസ്യങ്ങൾക്കായി ചെലവഴിച്ച തുകകൾ തിട്ടപ്പെടുത്താനായി ഡയറക്‌ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയോട് (ഡിഐപി)നിർദേശിച്ചിരുന്നു. പരസ്യങ്ങളുടെ പേരിൽ 97,14,69,137 രൂപ ചെലവഴിച്ചുവെന്നാണ് ഡിഐപി റിപ്പോർട്ട്. ഇതിൽ 42.26 കോടി രൂപ സംസ്ഥാന ഖജനാവിന് ഉടനടി അടയ്‌ക്കാനും 54.87 കോടി രൂപ 30 ദിവസത്തിനകം പരസ്യ ഏജൻസികൾക്കോ പ്രസിദ്ധീകരണങ്ങൾക്കോ നേരിട്ട് നൽകാനും 2017ൽ ഡിഐപി എഎപിയോട് നിർദ്ദേശിച്ചിരുന്നു.
അഞ്ച് വർഷവും എട്ട് മാസവും പിന്നിട്ടിട്ടും, ഡിഐപി ഉത്തരവ് എഎപി പാലിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. സർക്കാർ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും ഉൽപാദനക്ഷമമല്ലാത്ത ചെലവുകൾ ഇല്ലാതാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ 2015ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതിനെത്തുടർന്ന്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം 2016-ൽ ഗവൺമെന്‍റ് പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണത്തിന് കൺടന്‍റ് റെഗുലേഷൻ ഇൻ ഗവൺമെന്‍റ് അഡ്‌വർടൈസിങ് (സിസിആർജിഎ) എന്ന മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. ഡിഐപി പ്രസിദ്ധീകരിച്ച പരസ്യങ്ങൾ സിസിആർജിഎ അന്വേഷിക്കുകയും തുടർന്ന് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു.
ടാർഗെറ്റ് ചെയ്യുന്നുവെന്ന് എഎപി: എന്നാൽ, ഇത് രാഷ്‌ട്രീയ പകപോക്കലാണെന്ന തരത്തിലാണ് എഎപിയുടെ വിശദീകരണം. എല്ലാ സംസ്ഥാന സർക്കാരുകളും പരസ്യങ്ങൾ നൽകുന്നു. എന്തുകൊണ്ടാണ് ഞങ്ങളെ മാത്രം ലക്ഷ്യമിടുന്നതെന്നാണ് എഎപി ചോദിച്ചു. ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുകയാണെന്നും എഎപി പറഞ്ഞു.