ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയക്കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തളളി ഡല്‍ഹി ഹൈക്കോടതി. സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ് ദിനേശ് ശര്‍മയാണ് വിധി പ്രസ്‌താവിച്ചത്. മെയ് 11ന് ഇദ്ദേഹം സിസോദിയയുടെ കേസില്‍ വിധി പ്രസ്‌താവിക്കുന്നതിനായി മാറ്റിവച്ചിരുന്നു.
ഡല്‍ഹി മദ്യനയ കേസില്‍ സിസോദിയയ്‌ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് ജാമ്യോപേക്ഷ തള്ളികൊണ്ട് ജസ്‌റ്റിസ് ദിനേഷ് കുമാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന്, സിബിഐയും ഇഡിയും രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ സിസോദിയ നിലവില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്. എന്നാല്‍, 18 വകുപ്പുകള്‍ കൈകാര്യം ചെയ്‌ത ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയാണ് സിസോദിയ എന്നും അതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കുവാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നും ജസ്‌റ്റിസ് ശര്‍മ പറഞ്ഞു.
ഹര്‍ജിക്കാരന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി: തങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി സൗത്ത് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് മദ്യനയം രൂപീകരിച്ചതെന്നുള്ള ആരോപണങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാണ്. വളരെ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനിലേക്കാണ് നയം ദുരുപയോഗം ചെയ്‌തുവെന്ന തരത്തില്‍ വിമര്‍ശനമുയരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ഹര്‍ജിക്കാരന് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു.
അതേസമയം, ഈ മാസം 23നും മനീഷ് സിസോദിയയുടെ ജാമ്യം ഡല്‍ഹി റോസ് അവന്യൂ കോടതി നിഷേധിച്ചിരുന്നു. ശേഷം, സിസോദിയയുടെ കസ്‌റ്റഡി ജൂണ്‍ ഒന്ന് വരെ നീട്ടി. ഏറെ നാളായി ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരുന്ന സിസോദിയയുടെ ജുഡീഷ്യല്‍ കസ്‌റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സിസോദിയയെ ഡല്‍ഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, കോടതി ജാമ്യം നിഷേധിക്കുകയും ജൂണ്‍ ഒന്ന് വരെ ജുഡീഷ്യല്‍ കസ്‌റ്റഡി നീട്ടുകയുമായിരുന്നു. കോടതി മുറിയില്‍ നിന്ന് പുറത്തേയ്‌ക്കിറങ്ങിയ സിസോദിയ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു സിസോദിയ പ്രതികരിച്ചത്. മോദി വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു. അദ്ദേഹം, എപ്പോഴും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജോലി തടസപ്പെടുത്തുന്നുവെന്നും സിസോദിയ പറഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മനീഷ് സിസോദിയയെ വലിച്ചുകൊണ്ടുപോയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഏജന്‍സി: ഡല്‍ഹി മദ്യനയ കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജി വച്ചിരുന്നു. അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണ് എന്നായിരുന്നു വിഷയത്തില്‍ സിസോദിയയുടെ മറുപടി. അതിനിടെയാണ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്യുന്നത്.
അതേസമയം, സിസോദിയക്കെതിരെ സിബിഐ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഡൽഹി സർക്കാരിന്‍റെ ഫീഡ്ബാക്ക് യൂണിറ്റ് ഉപയോഗിച്ച് പാര്‍ട്ടി താത്‌പര്യങ്ങള്‍ക്ക് വേണ്ടി സിസോദിയ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു എന്നായിരുന്നു സിബിഐ ഉന്നയിച്ച ആരോപണം. സിസോദിയയെ ദീർഘകാലം കസ്‌റ്റഡിയിൽ വയ്ക്കാൻ വേണ്ടി നിരവധി കള്ളക്കേസുകൾ ചുമത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിട്ടിരിക്കുന്നതെന്നായിരുന്നു സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം.