ന്യൂഡൽഹി : പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേരിട്ട സംഭവത്തിൽ കോൺഗ്രസടക്കം 26 പാര്‍ട്ടികള്‍ക്ക് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തിൽ അഭിപ്രായം അറിയിക്കണമെന്നും നിർദേശമുണ്ട്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അമിത് മഹാജൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.
ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ കമ്മിഷന് നൽകിയ നിവേദനത്തിൽ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് നടപടി. ഗിരീശ് ഭരദ്വാജ് എന്നയാളാണ് പൊതുതാത്പര്യ ഹർജി നൽകിയത്. വിശദമായി വാദം കേള്‍ക്കാന്‍ ഹർജി ഒക്‌ടോബർ 31ന് വീണ്ടും പരിഗണിക്കും. ബിജെപിക്കെതിരെ 26 പ്രതിപക്ഷ കക്ഷികൾ ചേർന്നാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) രൂപീകരിച്ചത്.
26 പ്രതിപക്ഷ കക്ഷികൾ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എഎപി, ജനതാദൾ (യുണൈറ്റഡ്), രാഷ്ട്രീയ ജനതാദൾ, ജാർഖണ്ഡ് മുക്തി മോർച്ച, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ജമ്മു കശ്‌മീർ നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, സിപിഐ, സിപിഎം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി , ശിവസേന (ഉദ്ധവ് താക്കറെ), സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി), അപ്‌നാദൾ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, വിടുതലൈ ചിരുതൈകൾ പാർട്ടി, കൊങ്ങുനാട് മക്കൾ ദേശായി പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ലെനിനിസ്റ്റ്), മനിതനേയ മക്കൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജോസഫ്)
പേരിട്ടതിൽ നേരത്തെയും പരാതി : പ്രതിപക്ഷ മഹാസഖ്യത്തിന് INDIA (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന പേരിട്ടതിന് ഡോ. അവിനീഷ് മിശ്ര എന്നയാളും പരാതിയുമായി രംഗത്തെത്തിയിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചത്. ഡല്‍ഹിയിലെ ബരാഖംബ പൊലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നല്‍കിയത്.
തെരഞ്ഞെടുപ്പിൽ അനാവശ്യ സ്വാധീനത്തിനും വ്യക്തിത്വ രൂപീകരണത്തിനും വേണ്ടി ഇന്ത്യ എന്ന പേര് ഉപയോഗിച്ചു എന്നും ഈ പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതിലൂടെ എല്ലാ ഇന്ത്യക്കാരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
Read more : 'ഇന്ത്യ'യുടെ പേര് ദുരുപയോഗം ചെയ്‌തു; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരാതി
'ഇന്ത്യ' എന്ന പേരിലേക്ക് : മഹാസഖ്യത്തിന് യുപിഎ എന്ന പേരായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍, കോണ്‍ഗ്രസിനൊപ്പം യുപിഎയില്‍ ഒന്നിക്കാത്ത പാര്‍ട്ടികളും ഉള്ളതിനാല്‍ ഈ പേര് സ്വീകാര്യമല്ലെന്ന് ആദ്യ യോഗത്തില്‍ സഖ്യ കക്ഷികള്‍ അറിയിക്കുകയായിരുന്നു. പട്‌നയിലായിരുന്നു ആദ്യ യോഗം നടന്നത്.
യുപിഎ എന്ന പേര് സ്വീകാര്യമല്ലെന്ന് അറിയിച്ചതോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാല് പേരുകള്‍ തയ്യാറാക്കുകയായിരുന്നു. തുടർന്ന് നാല് പേരുകളും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. തുടര്‍ന്ന് ബെംഗളൂരുവിലെ താജ് വെസ്‌റ്റ് എൻഡ് ഹോട്ടലിൽ നടന്ന മഹാസഖ്യ യോഗത്തിൽ, പങ്കെടുത്ത എല്ലാ സഖ്യകക്ഷികൾക്കും മുന്നിൽ വച്ച് സോണിയ ഗാന്ധി ഈ നാല് പേരുകൾ വായിക്കുകയും നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ ചര്‍ച്ചയില്‍ 26 പാർട്ടികളും 'ഇന്ത്യ' എന്ന പേരായിരിക്കും ഉചിതമെന്ന് സമ്മതിച്ചു. ഇതോടെ യോഗത്തില്‍ മഹാസഖ്യത്തിന് ഇന്ത്യ എന്ന പേര് തീരുമാനിച്ചു.