ന്യൂഡല്‍ഹി: സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതി. സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് അസംബന്ധമാണെന്ന് നിരീക്ഷിച്ച കോടതി എന്തുകൊണ്ട് ഉത്തരവ് ഇപ്പോഴും നടപ്പിലാക്കുന്നുവെന്നും ചോദിച്ചു. ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്‌മീത് സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ സർക്കാർ അഭിഭാഷകനോട് നിര്‍ദേശം തേടി.
'എന്തുകൊണ്ടാണ് നിങ്ങൾ ഇത് (ഉത്തരവ്) പിൻവലിക്കാത്തത്? യഥാർഥത്തിൽ ഇത് അസംബന്ധമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്, എന്നിരുന്നാലും നിങ്ങൾ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം,' കോടതി നിരീക്ഷിച്ചു. ഉത്തരവ് പുനപരിശോധിക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമര്‍ശം.
സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനെതിരെ പിഴ ചുമത്താനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ ഇടപെടരുതെന്ന് 2021ഏപ്രിൽ 7ലെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവുണ്ടെന്ന് രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു.
ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ഈ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സ്ഥിതി വ്യത്യസ്‌തമായിരുന്നുവെന്നും ഇപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും രാഹുല്‍ മെഹ്റ പറഞ്ഞു. പ്രസ്‌തുത ഉത്തരവ് പുനപരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു വ്യക്തിയോ ഒന്നിലധികം ആളുകളോ ഉള്ള വാഹനത്തിൽ മാസ്‌കോ മുഖാവരണമോ ധരിക്കുന്നത് നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള 4 ഹര്‍ജികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
Also read: 'നിയമങ്ങള്‍ പാലിക്കുക അല്ലെങ്കില്‍ സേവനം അവസാനിപ്പിക്കുക'; ട്വിറ്ററിനെതിരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി