ന്യൂഡൽഹി: ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് പങ്കാളിയുടെ ജനനത്തീയതി പരിശോധിക്കാൻ ആധാറും പാൻ കാർഡും നോക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ഹണിട്രാപ്പ് കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ജസ്‌മീത് സിങ്ങിന്‍റെ നിരീക്ഷണം. മൂന്ന് ഔദ്യോഗിക രേഖകൾ പ്രകാരം മൂന്ന് ജനനത്തീയതികൾ ഉള്ള യുവതിയാണ് കുറ്റാരോപിതനെതിരെ ബലാത്സംഗം ആരോപിച്ച് പരാതി നൽകിയത്.
ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഒരു വ്യക്തിക്ക് പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിന് മുൻപ് ജനനത്തീയതി പരിശോധിക്കാൻ ആധാർ കാർഡോ, പാൻ കാർഡോ, സ്‌കൂൾ രേഖകളോ പരിശോധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
1998 ജനുവരി 1 ആണ് പരാതിക്കാരിയുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി. ആധാർ കാർഡിലെ ജനനത്തീയതി പ്രകാരം പ്രായപൂർത്തിയാകാത്തയാളുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. യുവതിയുടെ അക്കൗണ്ടിലേക്ക് വൻതുകകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. കൂടാതെ വിഷയത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ അസാധാരണമായ കാലതാമസം ഉണ്ടായതായും കോടതി നിരീക്ഷിച്ചു. നിരപരാധികളെ ഹണിട്രാപ്പ് കേസിൽ കുടുക്കി അവരിൽ നിന്നും വൻതുകകൾ തട്ടുന്ന കേസുകളുണ്ടെന്ന് 'കപിൽ ഗുപ്‌ത വേഴ്‌സസ് സ്റ്റേറ്റ്' എന്ന മറ്റൊരു വിധി പരാമർശിച്ച് കോടതി പറഞ്ഞു.
ഹണിട്രാപ്പ് കേസുകൾ അന്വേഷിക്കാൻ കോടതി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. യുവതി മറ്റാർക്കെങ്കിലുമെതിരെ സമാനമായ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും കോടതി കമ്മിഷണറോട് നിർദേശിച്ചു. യുവതിയുടെ ആധാർ കാർഡും ലഭ്യമായ തീയതിയും ആധാർ കാർഡ് ലഭിക്കുന്നതിന് സമർപ്പിച്ച രേഖകളെ കുറിച്ചും അന്വേഷിക്കാൻ കോടതി പൊലീസിനോട് നിർദേശിച്ചു.