ന്യൂഡല്‍ഹി: മൂടല്‍മഞ്ഞില്‍ ഡല്‍ഹിയിലെ റോഡ്, റെയില്‍ ഗതാഗതം താറുമാറായി. 20 ട്രെയിനുകള്‍ 15 മിനിട്ട് മുതല്‍ 2 മണിക്കൂര്‍ വരെ വൈകിയാണ് ഓടിയത്. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്‌ച 150 മീറ്ററായി കുറയുകയായിരുന്നു.
ഇന്നുണ്ടായ (19.12.22) മൂടല്‍മഞ്ഞ് റെയില്‍ ഗതാഗതത്തെ ബാധിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ വേഗനിയന്ത്രണം ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാണ് സര്‍വീസുകള്‍ നടത്തുന്നത്. ഷെഡ്യൂളുകളില്‍ വരുന്ന മാറ്റം കൃത്യമായി യാത്രക്കാരെ അറിയിക്കുന്നുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം മൂടല്‍മഞ്ഞ് വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ 3:30നും 6നും ഇടയില്‍ കാഴ്‌ച (ദൃശ്യപരത) 150-200 മീറ്ററായി കുറഞ്ഞിരുന്നു. എന്നാല്‍ രാവിലെ ഏഴുമണിയോടെ അത് മെച്ചപ്പെടുകയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ വരുന്ന അഞ്ച് ദിവസങ്ങളില്‍ കനത്ത മൂടല്‍മഞ്ഞുണ്ടാകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുതല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശ് വരെയുള്ള മേഖലകളില്‍ കനത്ത മൂടല്‍ മഞ്ഞ് വ്യാപിക്കുന്നുണ്ടെന്ന് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി ഐഎംഡി കൂട്ടിച്ചേര്‍ത്തു.