ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റി അയക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമർശിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ 93 രാജ്യങ്ങളിലായി കയറ്റി അയച്ചത് 6.5 കോടി ഡോസ് വാക്‌സിനാണ്.
രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും സിസോദിയ കുറ്റപ്പെടുത്തി. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഒരു ലക്ഷത്തോളം കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. വാക്‌സിന്‍ കയറ്റുമതിക്ക് പകരം രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിച്ചിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ കയറ്റുമതിയെ കുറിച്ച് ചോദിച്ചാല്‍ രാജ്യം അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് വിധേയമാണെന്നാണ് വിശദീകരണം. എന്നാല്‍ യുഎസ്, ഫ്രാന്‍സ് തുടങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഉടമ്പടിക്ക് വിധേയമാണ്. അവരെല്ലാം സ്വന്തം ജനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇന്ത്യ മാത്രമാണ് സ്വന്തം രാജ്യത്തെ ജനങ്ങള്‍ മരിക്കുമ്പോഴും മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണോയിതെന്നും അദ്ദേഹം ചോദിച്ചു. വാക്‌സിന്‍ വാങ്ങുന്നതിന് 600 കോടിയുടെ ബജറ്റാണ് ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചത് എന്നാല്‍ വാക്‌സിന്‍ കിട്ടാനില്ല. മറ്റ് സംസ്ഥാനങ്ങളുടേയും സ്ഥിതി ഇതുതന്നെയാണെന്നും സിസോദിയ പറഞ്ഞു.
ലോകത്തെ കുറിച്ച് ആശങ്കപ്പെടുന്നത് നല്ലതാണ് എന്നാല്‍ മറ്റ് ലോകരാജ്യങ്ങള്‍ സ്വന്തം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയെ കൂടാതെ ഫ്രാന്‍സ് മാത്രമാണ് വാക്‌സിന്‍ കയറ്റി അയച്ചിട്ടുള്ളത്. അതും ഒരു ലക്ഷം ഡോസ് വാക്‌സിന്‍. വാക്‌സിന്‍ കയറ്റുമതിക്ക് മുന്‍പ് രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.