ന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ എല്ലാ പ്രായക്കാർക്കും കൊവിഡ് വാക്‌സിനേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 'ഏപ്രിൽ മാസം എല്ലാ ദിവസവും പൊതു- സ്വകാര്യ മേഖലയിലെ കൊവിഡ് വാക്‌സിനേഷൻ സെന്‍ററുകൾ പ്രവർത്തിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നിരുന്നാലും, 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രം പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള വ്യവസ്ഥ നീക്കംചെയ്യണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു'- അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മാസ് വാക്‌സിനേഷൻ നടത്തണമെന്നും അതിനായി സ്‌കൂളുകളും കമ്മ്യൂണിറ്റി സെന്‍ററുകളും ഉപയോഗപ്പെടുത്തണമെന്നും കെജ്‌രിവാൾ അവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്‍റെ നാലാംഘട്ടത്തിലേക്ക് ഡൽഹി കടന്നെന്നും അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 3,583 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കേസുകളുടെ എണ്ണം വർധിക്കുകയാണ്. സർക്കാർ കൊവിഡ് വാക്‌സിനേഷന് കൂടുതൽ ശ്രദ്ധ നൽകുകയാണ്. ഇന്നലെ മാത്രം 71,000 വാക്‌സിൻ ഡോസുകളാണ് ഡൽഹിയിൽ നൽകിയതെന്നും കെജ്‌രിവാൾ പറഞ്ഞു.