ന്യൂഡൽഹി: മാസ്ക് ധരിക്കാതിരുന്നതിനെ ചോദ്യം ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥരോട് ദമ്പതികൾ മോശമായി പെരുമാറി. പട്ടേൽ നഗർ നിവാസികളായ പങ്കജ്, അഭ എന്നിവർ കാറിൽ മാസ്ക് ധരിക്കാതെ സഞ്ചരിച്ചതിനെ തുടർന്ന് ഇരുവരെയും പൊലീസ് തടയുകയായിരുന്നു.
പ്രകോപിതരായ ദമ്പതികൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. താൻ യുപിഎസ്സി പരീക്ഷ പാസായ വ്യക്തിയാണെന്നും തന്നോട് ബഹുമാനപൂർവം പെരുമാറണമെന്നും യുവതി പറഞ്ഞു. ഭീഷണി രൂക്ഷമായതോടെ ഇരുവരെയും ദര്യ ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരാൾ സ്വകാര്യ വാഹനത്തിൽ ഒറ്റയ്ക്ക് വാഹനമോടിച്ചാലും മാസ്ക് നിർബന്ധമാണെന്ന് ഏപ്രിൽ 7ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യ വാഹനങ്ങളും "പൊതു സ്ഥലമായി" എടുക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,462 കൊവിഡ് കേസുകളും 161 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.