ന്യൂഡൽഹി : പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗിൽ പൊലീസ് ഇൻസ്‌പെക്‌ടർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സുരക്ഷ യൂണിറ്റിൽ സേവനമനുഷ്‌ഠിച്ച് വരികയായിരുന്ന ഇൻസ്‌പെക്‌ടർ ജഗ്‌ബീർ സിങ് ആണ് മരിച്ചത്. ജഗ്‌ബീർ സിങ് സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്‌ച പുലർച്ചെ മാഡിപൂർ മെട്രോ സ്റ്റേഷന് സമീപമുള്ള റോഹ്തക് റോഡിലായിരുന്നു അപകടം.
എഞ്ചിൻ തകരാർ കാരണം കാർ വഴിയിൽ നിർത്തിയിട്ടിരിക്കെയാണ് അപകടമുണ്ടായത്. ഈ സമയം ജഗ്‌ബീർ സിങ് കാറിന് പുറത്ത് നിൽക്കുകയായിരുന്നു. ഇതിനിടെയാണ് അമിതവേഗത്തിൽ എത്തിയ ട്രക്ക് കാറിന് പിന്നിൽ ഇടിച്ചത്. ഇതിനിടെ വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്ന ജഗ്‌ബീർ സിങ്ങിനും ഇടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ജഗ്‌ബീർ സിങ് സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അതേസമയം സംഭവത്തിൽ നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്നും ട്രക്ക് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എന്ത് തകരാർ കാരണമാണ് കാർ റോഡിൽ നിർത്തിയിട്ടിരുന്നത് എന്ന കാര്യം അന്വേഷിച്ച് വരികയാണ്.
അപകടമാണെന്ന് തന്നെയാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ മനപ്പൂര്‍വം അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായോ എന്നതുൾപ്പടെയുള്ള കാര്യങ്ങളും പരിശോധിച്ച് വരികയാണ്. ട്രക്കിന്‍റെ ട്രാൻസ്പോർട്ട് വെഹിക്കിൾ രജിസ്ട്രേഷൻ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡ്രൈവറെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ആൾക്കൂട്ടത്തിൽ കാർ ഇടിച്ചുകയറി അപകടം : അടുത്തിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർ മരിച്ചിരുന്നു. ഇസ്‌കോർ പാലത്തിന് സമീപം അപകടത്തിൽ പെട്ട വാഹനത്തിന് ചുറ്റും തടിച്ച് കൂടിയവർക്കിടയിലേക്ക് അമിതവേഗതയിലെത്തിയ മറ്റൊരു കാർ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
ആറ് പേർ സംഭവ സ്ഥലത്ത് വച്ചും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അപകടത്തിൽ രണ്ട് പൊലീസുകാർക്കും ജീവഹാനിയുണ്ടായി. ഇസ്‌കോർ പാലത്തിലേക്ക് പോകുകയായിരുന്ന ലോറിക്ക് പിന്നിൽ മഹീന്ദ്ര ഥാർ ഇടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇതിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി പ്രദേശത്ത് 50ഓളം പേർ തടിച്ച് കൂടി.
ഇതിനിടെ അമിത വേഗതയിൽ എത്തിയ ജാഗ്വർ കാർ ജനങ്ങളുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിനിടയാക്കിയ ജാഗ്വർ കാർ 160 കിലോമീറ്ററിലധികം വേഗതയിലാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ജാഗ്വാർ കാർ ഓടിച്ചിരുന്നത് തത്യ പട്ടേൽ എന്നയാളാണെന്നാണ് റിപ്പോർട്ട്.
ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജാഗ്വാറില്‍ ഒരു സ്‌ത്രീയുൾപ്പടെ നാല് പേർ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചിരുന്നു.