ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ശക്തമായ മൂടൽ മഞ്ഞിനും സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. ആറ് സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി, പഞ്ചാബ് , ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലർട്ട്. ഉത്തരേന്ത്യയിൽ 48 മണിക്കൂറിന് ശേഷം ശൈത്യതരംഗത്തിൽ കുറവ് വന്നേക്കുമെന്നാണ് കലാവസ്ഥ റിപ്പോർട്ട്. പർവതങ്ങളിൽ നിന്നുള്ള തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റിന് ശമനമുണ്ടാകുന്നതിനാലാണിത്. ഏവരും വീടിനുള്ളിൽ തുടരണമെന്നും വിറയൽ ഉണ്ടായാൽ അവഗണിക്കരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഡൽഹിയിലെ സഫ്‌ദർജംഗിൽ താപനില 1.9 ഡിഗ്രി രേഖപ്പെടുത്തി. ചമ്പ (8.2 ഡിഗ്രി), ഡൽഹൗസി (8.2), ധർമശാല (6.2), ഷിംല (9.5), ഹമീർപൂർ (3.9), മണാലി (4.4), കാൻഗ്ര (7.1), സോളൻ (3.6), ഡെറാഡൂൺ (6 ), മുസ്സൂറി (9.6), നൈനിറ്റാൾ (6.2), മുക്തേശ്വർ (6.5), തെഹ്‌രി (7.6) എന്നിങ്ങനെയാണ് ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഹിൽ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ താപനില.
ഹരിയാനയിലെ ഹിസാർ (1.4), പഞ്ചാബിലെ ആദംപൂർ (2.8), രാജസ്ഥാനിലെ ചുരു (-0.5), പിലാനി (1.5) ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് (3.2), വാരണാസി (3.8), ബിഹാറിലെ ഗയ (2.9), മധ്യപ്രദേശിലെ നൗഗോങ് (മൈനസ് 1), ഉമരിയ (1.5) എന്നിവിടങ്ങളിലും താപനില താഴ്‌ന്ന നിലയിലാണ്.
ശൈത്യതരംഗം ഗതാഗതത്തെ കാര്യമായി ബാധിച്ചു. കടുത്ത ശൈത്യം തുടരുന്നതിനാൽ ഡൽഹിയിലെ സ്‌കൂളുകള്‍ക്ക് ജനുവരി 15 വരെ അവധിയാണ്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 335 ട്രെയിനുകൾ വൈകി. 88 എണ്ണം റദ്ദാക്കി. 31 എണ്ണം വഴിതിരിച്ചുവിട്ടു. ഇന്നലെ രാവിലെ 25 വിമാനങ്ങൾ വൈകുകയും 2 എണ്ണം വഴി തിരിച്ചുവിടുകയും ചെയ്‌തതായി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
വിറ്റാമിൻ സി സമ്പുഷ്‌ടമായ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും മതിയായ പ്രതിരോധശേഷി നിലനിർത്താൻ ആവശ്യമായ പാനീയങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പുനല്‍കുന്നു. വീടിന് പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.