ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷൻ (എംസിഡി) തെരഞ്ഞെടുപ്പ് ആരംഭിച്ചു. എട്ട് മണിക്ക് ആരംഭിച്ച പോളിങ് സമയം വൈകിട്ട് അഞ്ചരവരെയാണ്. ആം ആദ്മിയും ബിജെപിയും കോൺഗ്രസും ഒരു പോലെ പ്രതീക്ഷ പുലർത്തുന്ന രാജ്യതലസ്ഥാനത്തെ മുനിസിപ്പല്‍ കോർപ്പറേഷനിലേക്ക് 250 വാർഡുകളിലായി 1349 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 1.45 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. ഡിസംബർ ഏഴിനാണ് വോട്ടെണ്ണല്‍. 40000
കേന്ദ്രമന്ത്രിമാരുടെ വൻ പടയെ ഇറക്കി കോർപ്പറേഷൻ ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുമ്പോൾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും നേരിട്ടാണ് ആപ്പിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. 1958ല്‍ രൂപീകരിച്ച ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനെ 2012ല്‍ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മൂന്നായി തിരിച്ചിരുന്നു. അതിനുശേഷം വീണ്ടും ഒറ്റ കോർപ്പറേഷനായി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്ന പ്രത്യേകതയും ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനുണ്ട്.
കനത്ത സുരക്ഷ: 2020 ഫെബ്രുവരിയില്‍ നടന്ന കലാപത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്. 40000 ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർ, 20000 ഹോം ഗാർഡുമാർ108 കമ്പനി സിഎപിഎഫ്, എസ്എപി എന്നിവരെയാണ് സുരക്ഷ ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്.