ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സിബിഐ ആസ്ഥാനത്ത്. കേസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിന് കഴിഞ്ഞ ദിവസം സിബിഐ നോട്ടിസ് നല്‍കിയിരുന്നു. സിബിഐ ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ആം ആദ്‌മി പാര്‍ട്ടിയിലെ ഉന്നത നേതാക്കളുമായി അരവിന്ദ് കെജ്‌രിവാള്‍ കൂടിക്കാഴ്‌ച നടത്തി.
കെജ്‌രിവാളിന്‍റെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്‌ച. അതിഷി, കൈലാഷ് ഗലോട്ട്, രാജ്‌കുമാർ ആനന്ദ്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരുൾപ്പടെ ഡല്‍ഹി മന്ത്രിമാരും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, പഞ്ചാബ് നിയമസഭ സ്‌പീക്കർ സർദാർ കുൽതാർ സിങ് സാന്ധ്വാൻ എന്നിവരും എഎപി എംപിമാരായ രാഘവ് ഛദ്ദ, എൻഡി ഗുപ്‌ത, ഡൽഹി നിയമസഭ സ്‌പീക്കർ രാം നിവാസ് ഗോയൽ എന്നിവരും കെജ്‌രിവാളിന്‍റെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
സിബിഐ ചോദ്യം ചെയ്യലിന് ശേഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നത് എന്നാണ് ലഭിക്കുന്ന വിവരം. ചില ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തിന്‍റെ പുരോഗതി ആഗ്രഹിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെജ്‌രിവാള്‍ പറഞ്ഞു. 'ചില ദേശവിരുദ്ധ ശക്തികൾ ഇന്ത്യ വികസിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. രാജ്യം പുരോഗമിക്കുമെന്ന് ഈ ശക്തികളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു' - കെജ്‌രിവാള്‍ പറഞ്ഞു.
'സിബിഐ ഇന്ന് എന്നെ വിളിച്ചിട്ടുണ്ട്. ഞാൻ തീർച്ചയായും പോകും. അവർ ശക്തരാണ്, അവർക്ക് ആരെയും ജയിലിലേക്ക് അയയ്ക്കാൻ കഴിയും. എന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ സിബിഐ അത് പാലിക്കും' - കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ അഴിമതിക്കാരനാണെന്ന് ബിജെപി ആരോപണം ഉന്നയിക്കുന്നതായും കെജ്‌രിവാള്‍ പ്രതികരിച്ചു. ഞാൻ അഴിമതിക്കാരനാണെന്ന് ബിജെപി പറയുന്നു. ആദായനികുതി വകുപ്പിൽ കമ്മീഷണറായിരുന്നു ഞാൻ. എനിക്ക് വേണമെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നു. അരവിന്ദ് കെജ്‌രിവാൾ അഴിമതിക്കാരനാണെങ്കിൽ ഈ ലോകത്ത് സത്യസന്ധനായി ആരും തന്നെയില്ല' -കെജ്‌രിവാള്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്‌രിവാളിനൊപ്പം സിബിഐ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹി കാബിനറ്റ് മന്ത്രിമാരും എഎപി എംപിമാരും കെജ്‌രിവാളിനെ അനുഗമിച്ച് കേന്ദ്ര ഏജന്‍സിയുടെ ആസ്ഥാനത്തെത്തി. അതേസമയം ഡല്‍ഹി മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കോടതിയില്‍ കള്ളം പറയുന്നു എന്നാരോപിച്ച് കെജ്‌രിവാള്‍ ഇന്നലെ രംഗത്ത് വന്നിരുന്നു.
കേന്ദ്ര ഏജന്‍സികള്‍ കള്ളം പറയുന്നു എന്ന് കെജ്‌രിവാള്‍: ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടുള്ള നോട്ടിസ് സിബിഐ അയച്ചതിന് പിന്നാലെ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്‍റെ ആരോപണം. സിസോദിയയ്‌ക്കെതിരെ സിബിഐ കള്ള കേസാണ് ചുമത്തിയത് എന്നും കെജ്‌രിവാള്‍ ആരോപിച്ചു. 'മദ്യനയ കേസില്‍ സിസോദിയക്കെതിരെ കള്ള കേസ് ചുമത്തി. തെറ്റായ മൊഴി നല്‍കാന്‍ ആളുകളെ മര്‍ദിച്ചു. തെളിവുകള്‍ക്കായി കേന്ദ്ര ഏജന്‍സികള്‍ ഞങ്ങളെ പീഡിപ്പിക്കുകയാണ്' -കെജ്‌രിവാള്‍ ആരോപിച്ചു.
ഡല്‍ഹിയിലെ എക്‌സൈസ് നയം പരിഷ്‌കരിച്ചപ്പോള്‍ ക്രമക്കേട് നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ മാര്‍ച്ച് ഒമ്പതിന് തിഹാര്‍ ജയിലില്‍ വച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്‌തു.