ന്യൂഡല്‍ഹി: ഓക്സിജന്‍ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സഹായം തേടി ഡല്‍ഹി, ആന്ധ്രാപ്രദേശ് സര്‍ക്കാരുകൾ. രാജ്യത്ത് പലസംസ്ഥാനങ്ങളിലും കൊവിഡ് രോഗികള്‍ക്ക് ഓക്സിജനുള്ള ക്ഷാമം നേരിടുന്നതിനിടെയാണ് പുതിയ നീക്കം. ഒഡിഷയിലെ റൂർക്കേലയിൽ നിന്നും ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് റെയില്‍വെ സഹായിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒഡിഷയിലെ അംഗുലിൽ നിന്ന് ഓക്സിജൻ എത്തിക്കാന്‍ ആന്ധ്രാപ്രദേശും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹി സര്‍ക്കാറിനോട് ട്രക്കുകള്‍ തയ്യാറാക്കി വെയ്ക്കാന്‍ റെയില്‍വെ ആവശ്യപ്പെട്ടു. അതേസമയം ഓക്‌സിജൻ ടാങ്കറുമായി ലക്‌നൗവിലേക്കുള്ള രണ്ടാമത്തെ ഓക്‌സിജൻ സ്‌പെഷ്യൽ ട്രെയിന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50ന് ബൊക്കാരോയിൽ നിന്ന് പുറപ്പെട്ടതായും ശനിയാഴ്ച രാവിലെ ഉത്തർപ്രദേശിൽ എത്തുമെന്നും ശർമ പറഞ്ഞു. ഒഡിഷയിലെ റൂർക്കേലയിൽ നിന്നും ജാർഖണ്ഡിലെ ബൊക്കാരോയിൽ നിന്നും ഭോപ്പാലിലേക്ക് ഓക്സിജൻ എത്തിക്കാൻ മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.
Also Read: ജര്‍മനിയില്‍ നിന്നും ഓക്സിജന്‍ പ്ലാന്‍റുകളും കണ്ടെയ്നറുകളും ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
സംസ്ഥാന സർക്കാരുകൾക്കായി 3,816 കൊവിഡ് കെയർ കോച്ചുകൾ റെയിൽവേ ഒരുക്കിയിട്ടുണ്ടെന്നും, അഭ്യർത്ഥന പ്രകാരം വിവിധ സ്റ്റേഷനുകളിൽ അവ വിന്യസിക്കുമെന്നും ശർമ പറഞ്ഞു. നിലവിൽ 50 കോച്ചുകൾ ഷക്കൂർ ബസ്തിയിലും 25 എണ്ണം ദില്ലിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലുമാണുള്ളത്.