ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. തെരഞ്ഞെടുപ്പ് കമ്മിഷനോട് തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്‍റെ ആവശ്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നും രാജ്യത്തെ മഹാദുരന്തത്തിലേക്ക് തള്ളി വിട്ടു എന്നും ആരോപിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ശനിയാഴ്‌ച (സിഡബ്ല്യുസി) പ്രസ്‌താവന പുറത്തിറക്കിയിരുന്നു. കൊവിഡ് വ്യാപനത്തെ നേരിടാൻ എൻഡിഎ സർക്കാർ മുൻകരുതൽ എടുത്തില്ലെന്നും ഈ ചിന്താശൂന്യമായ പെരുമാറ്റത്തിന് വലിയ വില നൽകേണ്ടി വരുമെന്നും നിരവധി കുടുംബങ്ങളെ കൊവിഡ് ബാധിച്ചു എന്നും മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം സിഡബ്ല്യുസി പ്രസ്‌താവനയിലൂടെ ആരോപിച്ചു.
കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകളിലേക്ക് പഴി ചാരുകയാണെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സിഡബ്ല്യുസിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.