ന്യൂഡൽഹി: സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം വളരെ ജാഗ്രതയോടെ സ്വീകരിക്കേണ്ടതാണെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ. സംരക്ഷണം ഉറപ്പാക്കിയതിന് ശേഷം മാത്രമേ റിസ്ക് എടുക്കാൻ തയാറാകാവൂ എന്ന് പറഞ്ഞ വി.കെ പോൾ സ്കൂളുകൾ വലിയ കൂടിച്ചേരലുകൾ ഉള്ള സ്ഥലമാണെന്നും തുറക്കുന്നത് വൈറസ് പടരാൻ ഇടം നൽകുകയാണെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിഡ് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ പ്രവചനാതീതമായ സാഹചര്യം നിലനിൽക്കുമ്പോൾ സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം എടുക്കുന്നത് എളുപ്പമല്ലെന്നും പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളും ലോക്ക്ഡൗണും മൂലമാണ് നിലവിൽ കൊവിഡ് വ്യാപനം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Also Read: കർണാടകയിൽ സ്കൂളുകൾ തുറക്കാൻ വിദഗ്ദ സമിതിയുടെ നിർദേശം
കൊവിഡിന്‍റെ പുതിയ തരംഗങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം രണ്ടാം തരംഗം പോലും സംഭവിക്കാത്ത രാജ്യങ്ങളുണ്ടെന്നും നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിൽ ഏർപ്പെടാതിരിക്കുകയും സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നും പറഞ്ഞു.
വൈറസിന്‍റെ പെരുമാറ്റം, രോഗം ബാധിക്കാനുള്ള സാധ്യത, വ്യാപനം, അവസരം എന്നിവയാണ് പുതിയ തരംഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ എന്ന് വി.കെ പോൾ വിശദീകരിച്ചു. ഈ ഘടകങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യതയും അവസരങ്ങളും പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലാണെന്നും അതേസമയം മറ്റ് രണ്ട് ഘടകങ്ങളും പ്രവചിക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചും മാസ്ക് ധരിച്ചും വാക്സിനേഷൻ എടുക്കുന്നതിലൂടെയും വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.