ന്യൂഡൽഹി: കോവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നതിനുള്ള തീരുമാനം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സുതാര്യമായി എടുത്തതെന്ന് നാഷണല്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എൻടിഎജിഐ) ചെയർമാൻ എൻ.കെ. അറോറ അറിയിച്ചു. ഇത് സംബന്ധിച്ച് സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്‌ച വരെ
കൊവിഡ്-19 വർക്കിങ് ഗ്രൂപ്പിന്‍റെ ശുപാർശ അംഗീകരിച്ചതായും കോവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്‌ചയിൽ നിന്ന് 12 മുതൽ 16 ആഴ്‌ചയായി നീട്ടിയതായും കേന്ദ്രസർക്കാർ മെയ് 13ന് വ്യക്തമാക്കിയിരുന്നു. അതേസമയം കോവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമൊന്നും ശുപാർശ ചെയ്തിട്ടില്ലെന്നും കൊവിഡ്-19 വർക്കിങ് ഗ്രൂപ്പിന്‍റെ ശുപാർശ നാഷണൽ എക്‌സ്‌പേർട്ട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്ട്രേഷൻ ഫോർ കൊവിഡ് -19 (എൻഇജിവിഎസി) അംഗീകരിച്ചതായും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Read more: കൊവിഷീൽഡ്; രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചയായി വർധിപ്പിക്കണം
തീരുമാനം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ
എൻടിഎജിഐ ശുപാർശകളെ അടിസ്ഥാനമാക്കി എടുത്ത ശാസ്ത്ര അധിഷ്ഠിത തീരുമാനമാണിതെന്ന് എൻഇജിവിഎസി തലവൻ ഡോ. വി.കെ. പോൾ പറഞ്ഞു. ആദ്യഘട്ട പഠനങ്ങൾ അനുസരിച്ച് കോവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാല് മുതൽ ആറ് ആഴ്‌ച വരെയായിരുന്നു. എന്നാൽ വിശദമായ പഠനങ്ങൾക്കൊടുവിൽ ഡോസ് ഇടവേള നാല് മുതൽ എട്ട് ആഴ്‌ച വരെ വർധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് തെളിഞ്ഞു. അപ്പോഴേക്കും യുകെ ഇത് 12 ആഴ്‌ചയായി നീട്ടിയതായും ലോകാരോഗ്യ സംഘടനയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും പോൾ വ്യക്തമാക്കി.
യുകെയിൽ നിന്ന് ലഭ്യമായ യഥാർഥ ജീവിത തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോസുകൾ സ്വീകരിക്കാനുള്ള ഇടവേള 12 മുതൽ 16 ആഴ്‌ചയായി നീട്ടാനുള്ള തീരുമാനം കൂടുതൽ അപകടസാധ്യത ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് എടുത്തത്. ആനുകാലിക അവലോകനത്തിന്‍റെ ഭാഗമാണ് ഈ തീരുമാനമെന്നും പോൾ കൂട്ടിച്ചേർത്തു.