ദന്തേവാഡ(ഛത്തീസ്‌ഗഡ്): ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീയുടെ മൃതദേഹം ചുമന്ന് ബന്ധുക്കള്‍ 10 കിലോമീറ്റര്‍ നടന്നു. ഛത്തീസ്‌ഗഡിലെ ദന്തേവാഡയിലാണ് സംഭവം. കുക്കൊണ്ട ബ്ലോക്കിലെ ടികൻപാലിൽ താമസിക്കുന്ന ജോഗി പോഡിയം എന്ന സ്ത്രീയാണ് രോഗത്തെ തുടര്‍ന്ന് റെംഗനാറിൽ മരിച്ചത്.
പണമില്ലാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് സൗകര്യം ലഭിക്കാതെ വന്നതോടെ കുടുംബം മൃതദേഹം ചുമന്ന് നടക്കുകയായിരുന്നു. കട്ടിലില്‍ കിടത്തി തോളില്‍ ചുമന്നാണ് കുടുംബം മൃതദേഹം കൊണ്ടുപോയത്. ഇവര്‍ 10 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിവരം കുക്കൊണ്ട പൊലീസിന്‍റെ ശ്രദ്ധയില്‍ പെട്ടു.
തുടര്‍ന്ന് കുക്കൊണ്ട ടി.ഐ ചന്ദൻ സിങ്, പൊലീസ് ഉദ്യോഗസ്ഥരായ മോട്ടു കുഞ്ജം, ഭീമ കുഞ്ജം എന്നിവര്‍ മുഖേന വാഹനം ഏർപ്പാട് ചെയ്യുകയും മൃതദേഹം ടികൻപാലിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. കുക്കൊണ്ട ടി.ഐ അന്ത്യകർമങ്ങൾക്കുള്ള പണം നൽകുകയും ചെയ്‌തു.