പ്രയാഗ്‌രാജ് (ഉത്തര്‍ പ്രദേശ്) : അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് റെയില്‍വേയില്‍ നിയമനം ലഭിച്ച മകള്‍ കുടുംബാംഗങ്ങളുടെ കാര്യത്തില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. റെയില്‍വേയില്‍ ജോലിക്കാരനായിരുന്ന അച്ഛന്‍ സര്‍വീസിലിരിക്കെ മരണപ്പെട്ടതിനെ തുടര്‍ന്ന് ജോലി ലഭിച്ച മകള്‍ കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങളായ സുധ ശര്‍മയും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക വിധി. ഉത്തരവില്‍ മൂന്ന് മാസത്തിനുള്ളില്‍ അനുയോജ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രയാഗ്‌രാജ് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയോട് ജസ്‌റ്റിസ് പങ്കജ് ഭാട്ടിയ ഉത്തരവിട്ടു.
തങ്ങളുടെ കാര്യങ്ങള്‍ ഏറ്റെടുക്കാമെന്ന് നിയമനസമയത്ത് ഇവര്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ ജോലി ലഭിച്ചതോടെ അവര്‍ ഇത് ലംഘിച്ചുവെന്നും പരാതിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ വാദം കേട്ട കോടതി കുടുംബാംഗങ്ങളുടെ കാര്യത്തില്‍ വീഴ്‌ച വരുത്തിയത് കൊണ്ടുതന്നെ ഇവരുടെ നിയമനം എടുത്തുമാറ്റണമെന്ന് വ്യക്തമാക്കുകയായിരുന്നു.