ബല്ലിയ(ഉത്തർപ്രദേശ്): ബൈക്കിൽ സ്‌പർശിച്ചു എന്നാരോപിച്ച് ദലിത് വിദ്യാർഥിയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. അധ്യാപകനായ കൃഷ്‌ണ മോഹൻ ശർമയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഉത്തർപ്രദേശിലെ നാഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ റാണൗപൂരിലെ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
വെള്ളിയാഴ്‌ചയാണ് (02.09.2022) ആറാം ക്ലാസുകാരനായ ദലിത് വിദ്യാർഥി കൃഷ്‌ണ മോഹൻ ശർമയുടെ ബൈക്കിൽ സ്‌പർശിച്ചത്. ഇതിൽ പ്രകോപിതനായ ശർമ വിദ്യാർഥിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട ശേഷം ഇരുമ്പ് വടി കൊണ്ടും, ചൂലുകൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. സ്‌കൂളിലെ മറ്റ് ജീവനക്കാർ എത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
READ MORE: video: മദ്യപിച്ച് അര്‍ധനഗ്‌നയായി സ്‌കൂള്‍ വരാന്തയില്‍, അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്
സംഭവത്തെ തുടർന്ന് മർദനത്തിനിരയായ വിദ്യാർഥിയുടെ കുടുംബാംഗങ്ങൾ ശനിയാഴ്‌ച(03.09.2022) സ്‌കൂളിന് പുറത്ത് പ്രതിഷേധം നടത്തി. തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ ഉറപ്പിൻമേലാണ് ഇവർ പിരിഞ്ഞുപോയത്. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് നഗ്ര പൊലീസ് എസ്‌എച്ച്‌ഒ ദേവേന്ദ്ര നാഥ് ദുബെ പറഞ്ഞു.